Monday 21st of January 2019

പ്രളയം: ക്ഷീരകര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും ജീവിതോപാധി വായ്പയ്ക്ക് പദ്ധതി

Category: Cabinet Brief Published: Friday, 14 December 2018

മന്ത്രിസഭാ തീരുമാനങ്ങള്‍  (13-12-2018)

പ്രളയബാധിത / ഉരുള്‍പൊട്ടല്‍ ബാധിതമായി പ്രഖ്യാപിച്ച 1,260 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍ക്കും പൗള്‍ട്രി കര്‍ഷകര്‍ക്കും അലങ്കാര പക്ഷി കര്‍ഷകര്‍ക്കും തേനീച്ച കര്‍ഷകര്‍ക്കും ചെറുകിടഇടത്തര വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും 'ഉജ്ജീവന വായ്പാപദ്ധതി' എന്ന പേരില്‍ ജീവിതോപാധി പുനരാരംഭിക്കുന്നതിന് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുളള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.  
ജീവിതോപാധി പുനരാരംഭിക്കുന്നതിന് ദുരന്തബാധിതര്‍ വാണിജ്യബാങ്കുകളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ എടുക്കുന്ന വായ്പയുടെ മാര്‍ജിന്‍ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) അനുവദിക്കും. പ്രവര്‍ത്തനമൂലധനം മാത്രം വായ്പയായി എടുക്കുന്നവര്‍ക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) മാര്‍ജിന്‍ മണിയായി അനുവദിക്കും. പ്രവര്‍ത്തനമൂലധനത്തിനു മാത്രം വായ്പ എടുക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി (ഇന്ററസ്റ്റ് സബ് വെന്‍ഷന്‍) നല്‍കും. 
ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് 2018ലെ പ്രളയത്തിലെ നഷ്ടത്തിന് വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെയുളള വായ്പ) ദുരന്തബാധിതര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്‌സിഡി അനുവദിക്കും. പദ്ധതി ഉപയോഗപ്പെടുത്താനുളള കാലാവധി 2019 മാര്‍ച്ച് 31 വരെയായിരിക്കും. 
ഓരോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകള്‍ ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്യുന്നതിന് അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു. 
കിസാന്‍ കാര്‍ഡ് ഉള്ളവരെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് 4 ശതമാനം പലിശ സബ്‌സിഡി അനുവദിക്കാനും തീരുമാനിച്ചു. 
 
തസ്തികകള്‍
കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തുടങ്ങുന്നതിന് 17 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 
ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് സര്‍ക്കാര്‍ ഐടിഐ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ഡ്രാഫട്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളുടെ രണ്ടു യൂണിറ്റുകള്‍ വീതം അനുവദിക്കും. ഇതിനായി 8 തസ്തികകള്‍ സൃഷ്ടിക്കും. ഐടിഐക്കുളള സ്ഥലവും കെട്ടിടവും തദ്ദേശസ്വയംഭരണ സ്ഥാപനം ലഭ്യമാക്കണം. 
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ പരിസരത്ത് 10.15 ആര്‍ സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ഭൂമി കൈമാറുക. 
ജലസേചനവകുപ്പിലെ 944 എസ്.എല്‍.ആര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. 
കണ്ണൂരിലെ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എയര്‍പോര്‍ട്ട് യൂണിറ്റ് ഒന്നിലെ ഏഴ് തസ്തികകള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു. 
 
2006 ഐ.എഫ്.എസ്  ബാച്ചിലെ വിജയാനന്ദന്‍, ആര്‍. കമലഹാര്‍, പി.പി. പ്രമോദ് എന്നിവരെ സെലക്ഷന്‍ ഗ്രേഡ് പദവിയിലേക്കുള്ള പ്രൊമോഷന്‍ പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 
2001 ഐ.എഫ്.എസ് ബാച്ചിലെ പത്മാമഹന്ദിയെ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് പദവിയിലേക്കുളള പ്രൊമോഷന്‍ പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നതിന് പൊതുഭരണ സെക്രട്ടറിയേറ്റിലെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പില്‍ ഒരു അഡീഷണല്‍ സെക്രട്ടറിയുടെയും ഒരു സെക്ഷന്‍ ഓഫീസറുടെയും മൂന്ന് അസിസ്റ്റന്റുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 
മുഖാരി/മുവാരി സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനം.
 
നിയമനങ്ങള്‍/മാറ്റങ്ങള്‍
ആസുത്രണസാമ്പത്തികകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്റെ അധിക ചുമതല അദ്ദേഹം വഹിക്കും. 
തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിന് തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ അധിക ചുമതല നല്‍കി. 
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയ്തിലകിനെ ആസുത്രണസാമ്പത്തികകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.  ആസുത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, പൊതുഭരണം, യുവജനകാര്യം എന്നീ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. 
രാജന്‍ എന്‍ ഖൊബ്രഗഡെയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആയുഷ് വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കും. 
ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറായി ടിങ്കുബിസ്വാളിനെ നിയമിച്ചു.
ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ യു.വി. ജോസിന് ലൈഫ് മിഷന്‍ സി.ഇ.ഒയുടെ അധിക ചുമതല നല്‍കി. 
ലേബര്‍ കമ്മീഷണര്‍ എ. അലക്‌സാണ്ടറിനെ കൊല്ലം സബ് കലക്ടറായും പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ. യുസഫിനെ തലശ്ശേരി സബ് കലക്ടറായും നിയമിച്ചു. 
എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖറിന് ലേബര്‍ കമ്മീഷണറുടെ അധിക ചുമതല കൂടി നല്‍കി.