ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി

post

2,43,057 കുട്ടികള്‍ക്ക് പോളിയോ നല്‍കി
മലപ്പുറം: പോളിയോ രോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായുള്ള പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജില്ലയില്‍ നടത്തി. അഞ്ച് വയസ്സിന് താഴെയുള്ള ജില്ലയിലെ 2,43,057 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി. ജില്ലയില്‍ 54 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 4,50,415 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരുന്നത്. തുള്ളിമരുന്ന് ലഭിക്കാത്ത മുഴുവന്‍ കുട്ടികള്‍ക്കും ഇന്നും നാളെയുമായി (ജനുവരി 20, 21)  വളന്റിയര്‍മാര്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കുമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നഗരസഭ ചെയപേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. മുഹമ്മദ് ഇസ്മയില്‍ അധ്യക്ഷനായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. രാജേഷ്, റോട്ടറി അസി.ഗവര്‍ണര്‍ അനില്‍ പദ്മനാഭ, ഡോ.രാജഗോപാല്‍, മാസ് മീഡിയ ഓഫീസര്‍ ടി.എം ഗോപാലന്‍, പി.രാജു, വി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നത്. 3,797 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ പരിശീലനം ലഭിച്ച 7,594 വളണ്ടിയര്‍മാരും ബൂത്തുകളില്‍ സേവനം നല്‍കി. മേല്‍ നോട്ടത്തിനായി 433 സൂപ്പര്‍വൈസര്‍മാരുടെ സേവനവും ഉണ്ടായിരുന്നു.  ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുറമെ അങ്കണവാടികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും തുള്ളിമരുന്ന് വിതരണ കേന്ദ്രങ്ങള്‍ ഒരുക്കിയി രുന്നു. യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായി റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിങ്ങളിലായി 79 ട്രാന്‍സിറ്റ് ബൂത്തുകളും, 75 മൊബൈല്‍ ബൂത്തുകളും ഒരുക്കിയിരുന്നു.