സാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം നല്‍കിയത് 21.7 കോടി

post

തിരുവനന്തപുരം : മടങ്ങിയെത്തിയ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക റൂട്‌സ് വഴി സര്‍ക്കാര്‍ നല്‍കുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ  സാമ്പത്തിക വര്‍ഷം ഇതുവരെ 21.7 കോടി വിതരണം  ചെയ്തതായി നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. 3598 പേര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.

മരണാനന്തര  ധനസഹായം, ഗുരുതര രോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സ സഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങള്‍ വാങ്ങാനുള്ള ധനസഹായം, തിരികെയെത്തിയ പ്രവാസികളുടെ പെണ്‍മക്കള്‍ക്കുള്ള  വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഒന്നര ലക്ഷം രൂപയില്‍ കുറഞ്ഞ വാര്‍ഷിക വരുമാനം ഉള്ള, രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയും ഇപ്പോള്‍ നാട്ടില്‍ കഴിയുകയും  ചെയ്യുന്നവര്‍ക്കാണ് സഹായം ലഭിക്കുന്നത്.

അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോള്‍ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

തിരുവനന്തപുരം  469, കൊല്ലം 497, കോട്ടയം 63, പത്തനംതിട്ട 123, ആലപ്പുഴ 251, എറണാകുളം 74, കോഴിക്കോട്  462, മലപ്പുറം 761,  പാലക്കാട് 193, തൃശൂര്‍ 285, വയനാട് 18, കണ്ണൂര്‍ 311, കാസറഗോഡ് 89, ഇടുക്കി  2 എന്നിങ്ങനെയാണ് ഈ സാമ്പത്തികവര്‍ഷം ഇതുവരെ സാന്ത്വന സഹായം ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.