ജില്ലയില്‍ കരുത്താര്‍ജ്ജിച്ച് മൃഗസംരക്ഷണ മേഖല

post

റീബില്‍ഡ് കേരള ഇനിഷ്യയേറ്റീവിലൂടെ നടപ്പാക്കിയത് 1.21 കോടി രൂപയുടെ പദ്ധതികള്‍

പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ 2.55 കോടിയുടെ പദ്ധതികള്‍

കാസര്‍ഗോഡ് : കോവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ  നെക്രാജെയിലെ അമ്മങ്കാലിലെ ഹമീദ്  നാട്ടില്‍ ജോലിയൊന്നും കിട്ടാതെ വന്നപ്പോഴാണ് കന്നുകാലികളെ വളര്‍ത്തല്‍ പരീക്ഷിച്ചു തുടങ്ങിയത്. അഞ്ച് ആടുകളെ വാങ്ങി ആദ്യം തന്റെ ഭാഗ്യം പരീക്ഷിച്ചു.  ലാഭകരമായതോടെ പശു വളര്‍ത്തലിലോട്ടു കടന്നാലോ എന്നായി ചിന്ത. അപ്പോഴാണ്  ജില്ലാ പഞ്ചായത്ത് പ്രവാസി സംഘങ്ങള്‍ക്കായി നടപ്പിലാക്കുന്ന മിനി ഡയറി യൂണിറ്റ് പദ്ധതിയെ കുറിച്ച് അറിഞ്ഞത്. അഞ്ച് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കാവുന്ന  പദ്ധതിയിലേക്ക് ഗള്‍ഫില്‍ നിന്ന് തന്റെ കൂടെ മടങ്ങിയ മറ്റു അഞ്ചു പേരെ കൂട്ടുപിടിച്ച് കാരുണ്യ പ്രവാസി സംഘം രൂപീകരിക്കുകയാണ് ഹമീദ് ആദ്യം ചെയ്തത്. പഞ്ചായത്തില്‍ നിന്നും മൃഗാശുപത്രിയില്‍ നിന്നും പ്രോത്സാഹനം കൂടി ലഭിച്ചതോടെ സംഘം ജില്ലയില്‍ പദ്ധതിക്കായി തെരെഞ്ഞെടുക്കപ്പെട്ട രണ്ടു സംഘങ്ങളില്‍ ഒന്നായി.   ആദ്യ പടിയെന്നോണം അമ്മങ്കാലിലെ സ്വന്തവും പാട്ടത്തിനെടുത്തതുമായ സ്ഥലത്ത് പുല്‍ക്കൃഷി ആരംഭിച്ചു. രണ്ട് ഏക്കര്‍ സ്ഥലത്ത് സൂപ്പര്‍ നേപ്പിയര്‍, സമ്പൂര്‍ണ എന്നീ ഇനം പുല്ലുകള്‍ പാകമായി വന്നപ്പോളേക്കും പദ്ധതിയുടെ ഭാഗമായി എടുത്ത ലോണ്‍ കൊണ്ട് നല്ലൊരു ഷെഡ്ഡും ഉണ്ടാക്കിയെടുത്തു. മുന്തിയ ഇനം എച്ച് എഫ് പശുക്കളെ വളര്‍ത്താനായി  അവയുടെ പരിപാലനത്തിന് ആവശ്യമായ ചാഫ് കട്ടര്‍, കറവ യന്ത്രം, ഫ്‌ലോര്‍ മാറ്റ്, പ്രഷര്‍ വാഷര്‍ എന്നിവയും ഒരുക്കി. ജൈവ മാലിന്യങ്ങള്‍ പുല്‍ക്കൃഷിയിടത്തേക്ക് ഒഴുകി പോകുന്നതിനായി ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഷെഡ് സ്ഥാപിച്ചത്. ഇത് കൂടാതെ ബയോ ഗ്യാസ് സൗകര്യവും ഒരുക്കി. കന്നുകാലികളുടെ മരണവും രോഗവും മൂലമുള്ള നഷ്ടം ഒഴിവാക്കുന്നതിനായി എല്ലാ ഉരുക്കളെയും ഇന്‍ഷുര്‍ ചെയ്തു. 12 ലക്ഷം രൂപ ചെലവായപ്പോള്‍ അഞ്ച് ലക്ഷം രൂപ  ധനസഹായം ലഭിച്ചു. ശരാശരി ഒരു പശുവിനു 15 ലിറ്റര്‍ തോതില്‍ 150 ലിറ്റര്‍ കറവ ദിവസേനയുള്ള ഫാമില്‍ പാലിന് പുറമെ ചാണകം, മൂത്രം എന്നിവയില്‍ നിന്നും വരുമാനം ഹമീദിനും സംഘത്തിനും ലഭിക്കുന്നു. ഹമീദിനെപ്പോലെ   പ്രളയകാലത്തും കോവിഡ് മഹാമാരിയിലും വരുമാനവും ജീവിതവും പ്രതീക്ഷകളും നഷ്ടപ്പെട്ട ധാരാളം ആളുകള്‍ക്ക് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് വലിയ സഹായമായി മാറി.

സുഭിക്ഷ കേരളം പദ്ധതിയിലൂടെ  ഭക്ഷ്യവിളകളുടെ കൃഷി ശക്തിപ്പെടുത്തുന്നതിനോടൊപ്പം  ഇറച്ചിക്കോഴി, മുട്ടക്കോഴി പാല്‍,  ആട്, പോത്ത്, പന്നി, മത്സ്യം എന്നിവയുടെ  ഉത്പാദനം  വര്‍ദ്ധിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചു.  അനുയോജ്യമായ ഗ്രാമപഞ്ചായത്തുകളില്‍/ നഗരസഭകളില്‍ ഡയറി യൂണിറ്റുകള്‍,  ക്രോസ്ബ്രീഡിങ് പശു യൂണിറ്റുകള്‍ എന്നിവ സ്ഥാപിച്ചു.  കൃഷി, മൃഗസംരക്ഷണ മേഖല അനാകര്‍ഷകവും പഴയ തലമുറയുടെ ഗൃഹാതുരത്വവും മാത്രമെന്ന് വിലയിരുത്തിയവര്‍ പോലും ഈ കാലത്ത് ഗൗരവമായി ഈ മേഖലകളെ പരിഗണിച്ച് തുടങ്ങി. മൃഗസംരക്ഷണ രംഗത്തേക്ക് വരുന്നവര്‍ക്കായി മൃഗസംരക്ഷണ വകുപ്പ്  അനുയോജ്യമായ  വിവിധ പദ്ധതികള്‍ തയ്യാറാക്കുകയും ഈ രംഗത്തുള്ളവര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും നല്‍കുകയും ചെയ്യുന്നു. ഇതോടൊപ്പംതന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ 'കര്‍ഷക രജിസ്‌ട്രേഷന്‍' വഴി ശേഖരിക്കുകയും ചെയ്യുന്നുണ്ട്