സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് തുടക്കം

post

എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ

തിരുവനന്തപുരം: ഉത്തരവാദിത്ത രക്ഷാകര്‍തൃത്വത്തെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ് സൗകര്യം ഒരുക്കുന്നതിനുമായി സംസ്ഥാനത്ത് പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച പാരന്റിംഗ് ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.

കുട്ടികളോടുളള ആത്മാര്‍ത്ഥമായ സ്നേഹത്തിന്റെ അഭാവം മൂലമല്ല മറിച്ച് ശാസ്ത്രീയമായ രക്ഷാകര്‍തൃത്വത്തെക്കുറിച്ചുളള അവബോധമില്ലായ്മയാണ് രക്ഷിതാക്കള്‍ പലപ്പോഴും പരാജയപ്പെടാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. സങ്കീര്‍ണമായ നിരവധി വെല്ലുവിളികളാണ് കുട്ടികള്‍ അനുദിനം നേരിട്ടുകൊണ്ടിരിക്കുന്നത്. പല കുട്ടികളിലും സ്വഭാവ വൈകാരിക മാനസികാരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതായും മന്ത്രി വ്യക്തമാക്കി.

രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ് സൗകര്യം ഒരുക്കുന്നതിനും ആവശ്യാനുസരണം റഫറല്‍ അടിസ്ഥാനത്തില്‍ വിദഗ്ദ്ധ പരിചരണം ഉറപ്പാക്കാനും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളായാണ് ഗുഡ് പാരന്റിംഗ് ക്ലിനിക്കുകളെ വിഭാവനം ചെയ്തിട്ടുളളത്. 158 കേന്ദ്രങ്ങളിലാണ് പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും കോര്‍പറേഷനുകളിലും ഓരോ കേന്ദ്രങ്ങള്‍ ഉണ്ടാകും. നിലവില്‍ ബ്ലോക്ക്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തലങ്ങളില്‍ ഐ.സി.ഡി.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ക്ലിനിക്കുകളുടെ പശ്ചാത്തല സൗകര്യം പ്രയോജനപ്പെടുത്തിയാണ് പാരന്റിംഗ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ബ്ലോക്കുതലത്തിലുള്ള ശിശു വികസന ഓഫീസിനോട് അനുബന്ധമായാണ് ഇവയുടെ പ്രവര്‍ത്തനം. പാരന്റിംഗ് ക്ലിനിക്കുകള്‍ക്ക് പരിശീലനം ലഭിച്ച സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ നേതൃത്വം നല്‍കും. എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ ദിവസങ്ങളുടെ എണ്ണവും സേവന സമയവും ദീര്‍ഘിപ്പിക്കും.