വികസന പെരുമ ജനങ്ങളിലെത്തിച്ച് ചിത്ര പ്രദര്‍ശനം

post

കൊല്ലം: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന 'വികസന പെരുമയില്‍ കൊല്ല'മെന്ന പേരില്‍ ചിത്രപ്രദര്‍ശനം നടന്നു. കൊല്ലം ബീച്ച് പരിസരത്ത് കോവിഡ് മാനദണ്ഡം പാലിച്ച് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.

സാധാരണക്കാര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും കരുതലും സഹായവും യഥാസമയം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്  സാധിച്ചെന്നും വികസന നേട്ടങ്ങള്‍ ജനഹൃദയങ്ങളിലേക്ക്  നേരിട്ടെത്തിക്കാന്‍ ചിത്രപ്രദര്‍ശനത്തിലൂടെ സാധിച്ചെന്നും മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ നടപ്പിലാക്കിവരുന്ന ശുചിത്വ നഗരം പദ്ധതിയില്‍ ജനങ്ങളുടെ സഹകരണം മേയര്‍ അഭ്യര്‍ത്ഥിച്ചു.

ഡിവിഷന്‍ കൗണ്‍സിലര്‍ ടോമി ചടങ്ങില്‍  അധ്യക്ഷനായി. ജില്ലയിലെ വികസന നേട്ടങ്ങളെ ആസ്പദമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മിച്ച ഡോക്യുമെന്ററി  വാഹനത്തില്‍ സജ്ജമാക്കിയ ഇലക്ട്രോണിക് വാളിലൂടെ പ്രദര്‍ശിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ  സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്, ആരോഗ്യ മേഖലയില്‍ നടപ്പിലാക്കിയ ആര്‍ദ്രം, വിദ്യാഭ്യാസ മേഖലയിലെ വികസനം ലക്ഷ്യമാക്കിയ  പൊതുവിദ്യാഭ്യാസ യജ്ഞം, മാലിന്യ നിര്‍മാര്‍ജ്ജനവും ഹരിത സംസ്‌കാരവും ലക്ഷ്യമാക്കി ആവിഷ്‌ക്കരിച്ച ഹരിതം കേരളം മിഷന്‍ തുടങ്ങിയവയിലൂടെ കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശനത്തില്‍ മുഖ്യവിഷയങ്ങളായി. ഇതോടൊപ്പം ജില്ലയിലെ കാര്‍ഷിക-മൃഗ സംരക്ഷണ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളും കുടിവെള്ള പദ്ധതികളും സ്മാര്‍ട്ട് നിലവാരത്തിലേക്കുയര്‍ന്ന സ്‌കൂളുകളുടേയും വില്ലേജ് ഓഫീസുകളുടെയും  ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.