കരുതല്‍ കാഴ്ചകളുടെ ജൂബിലി ഉത്സവത്തിന് മുഖ്യമന്തി തിരിതെളിക്കും

post

ഉദ്ഘാടന ചിത്രം നിശാഗന്ധിയില്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സില്‍വര്‍ ജൂബിലി കാഴ്ചകള്‍ക്ക്  ഇന്ന് നിശാഗന്ധിയില്‍  തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി .ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും .മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചുകൊണ്ടാണ് ചലച്ചിത്രോല്സവത്തിന് തുടക്കമാകുന്നത് .തുടര്‍ന്ന് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ഷീന്‍ലുക്‌ഗൊദാര്‍ദിനു വേണ്ടിമുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങും.

 കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗൊദാര്‍ദിനു ചടങ്ങില്‍ നേരിട്ട് എത്താന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈനില്‍ അദ്ദേഹം ആശംസകള്‍ പങ്കുവയ്ക്കും .തുടര്‍ന്ന് മേളയുടെ ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ? പ്രദര്‍ശിപ്പിക്കും. ബോസ്നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അര്‍ത്ഥരാഹിത്യവും അനാവരണംചെയ്യുന്നു.

ചടങ്ങില്‍ എം എല്‍ എ മാരായ വി കെ പ്രശാന്ത് ,എം. മുകേഷ് ,സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജ് ,ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍ ടി കെ .രാജീവ് കുമാര്‍,അക്കാഡമി ചെയര്‍മാന്‍ കമല്‍ ,വൈസ് ചെയര്‍ പേഴ്സണ്‍ ബീനപോള്‍ ,സെക്രട്ടറി അജോയ് ചന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുക്കും.

കോവിഡ് മഹാമാരിയില്‍ നിന്നുള്ള അതിജീവനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മേളയുടെ ഉദ് ഘാടന ചടങ്ങില്‍  ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും റിസര്‍വ് ചെയ്ത ഡെലിഗേറ്റുകള്‍ക്കുമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .നിശാഗന്ധിയും പരിസരവും ഫ്യുമിഗേറ്റ് ചെയ്തിട്ടുണ്ട് . തെര്‍മല്‍ സ്‌കാനിംഗ് ഉള്‍പ്പടെ കര്‍ശന കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ഉദ്ഘാടന ചടങ്ങ് നടത്തുന്നത്.

ക്വോ വാഡിസ്, ഐഡ? ഉദ്ഘാടനചിത്രം

ജാസ്മില അബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ്, ഐഡ? രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. 1990 കളില്‍ ബോസ്നിയയിലെ ചെറുപട്ടണമായ സ്രെബ്രെനിക്കയില്‍ നടന്ന യുദ്ധവെറിയാണ് ചിത്രത്തിന്റെ പ്രമേയം .

സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു

രാജ്യാന്തര ചലച്ചിത്ര മേളയില്‍  സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. 'registration.iffk .in' എന്ന വെബ്സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ 'IFFK'എന്ന  ആപ്പ് വഴിയുമാണ്  റിസര്‍വേഷന്‍ ആരംഭിച്ചത് . ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഒരു ദിവസം മുന്‍പ് റിസര്‍വേഷന്‍ അനുവദിക്കും . രാവിലെ  6 മണിമുതല്‍ പ്രദര്‍ശനത്തിന് ഒരു  മണിക്കൂര്‍ മുന്‍പ് വരെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ ഇമെയിലായും എസ്.എം .എസ്  ആയും ഡെലിഗേറ്റുകള്‍ക്കു  ലഭ്യമാക്കും  . തെര്‍മല്‍ സ്‌കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകള്‍ക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.