കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

post

തിരുവനന്തപുരം: ഇരുപത്തി അഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. അന്താരാഷ്ട്രതലത്തില്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതില്‍ ഐ.എഫ്.എഫ്.കെ നിര്‍ണ്ണായക പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്ര സാംസ്‌കരിക മേഖലകളില്‍ കേരളം നല്‍കുന്ന പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ ഐ.എഫ്.എഫ്.കെയ്ക്കായി. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ഐ.എഫ്.എഫ്.കെ ലോകത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ ഭൂപടത്തില്‍ ഇടം നേടിയത്. അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും മര്‍ദ്ദിതര്‍ക്കുമൊപ്പമാണ് മേള എന്നും നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ലൈഫ് ടൈം അച്ചീവ്മെന്റ്  പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ്് ലൂക്ക് ഗൊദാര്‍ദിന് വേണ്ടി സംവിധായാകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. നല്ല സിനിമകളുടെ വിതരണം കൂടുതല്‍ നല്ല സിനിമകളുടെ നിര്‍മ്മാണത്തിന് വഴിതുറക്കുമെന്ന് ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്ത  ഗൊദാര്‍ദ് അഭിപ്രായപ്പെട്ടു.

ഗൊദാര്‍ദിന്റെ ചലച്ചിത്ര ജീവിതത്തെ സംബന്ധിച്ച പുസ്തകത്തിന്റെ പ്രകാശനം മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന് നല്‍കി നിര്‍വഹിച്ചു. മേളയുടെ കൈപ്പുസ്തകത്തിന്റെ പ്രകാശനം വി.കെ പ്രശാന്ത് എം.എല്‍.എ സംവിധായകന്‍ ടി. കെ രാജീവ് കുമാറിന് നല്‍കി നിര്‍വഹിച്ചു. മേളയുടെ ഡെയ്ലി ബുള്ളറ്റിന്റെ പ്രകാശനം കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ സംവിധായകന്‍ സിബിമലയിലിന് നല്‍കി നിര്‍വഹിച്ചു. ചലച്ചിത്ര സമീക്ഷയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനം എം. മുകേഷ് എം.എല്‍.എ സംവിധായകന്‍ ടി. വി ചന്ദ്രന് നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി സി. അജോയി എന്നിവര്‍ പങ്കെടുത്തു.