80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് ആരംഭിക്കും

post

തിരുവനന്തപുരം: എട്ട് ജില്ലകളില്‍ 35.60 കോടി രൂപ ചെലവില്‍ 80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് (ഫെബ്രുവരി 12 ) മുതല്‍ തുടങ്ങുമെന്ന് ഫിഷറീസ്  മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) രാവിലെ 11 ന് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ ടി ജലീല്‍, പി തിലോത്തമന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി എന്നിവര്‍ മുഖ്യാഥിതികളായാകും.

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തീരദേശത്തെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ടാണ് 104 തീരദേശ റോഡുകളുടെ നവീകരണം ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. ഒമ്പത് ജില്ലകളിലായി 49.74 കോടി രൂപ ചെലവില്‍ 104 റോഡുകളാണ് പൂര്‍ത്തീകരിച്ചത്. ഇതിനെ തുടര്‍ന്ന് തീരദേശ മേഖലയിലെ മറ്റ് റോഡുകള്‍ കൂടി നവീകരിക്കണമെന്ന പൊതുജനാഭിപ്രായം മാനിച്ചാണ് എട്ട് ജില്ലകളിലുള്ള 80 തീരദേശ റോഡുകള്‍ കൂടി നവീകരണത്തിനായി അനുമതി നല്‍കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.  

തിരുവനന്തപുരം ജില്ലയില്‍ 2.5 കോടി രൂപ ചെലവില്‍ ഒമ്പത് റോഡുകളും, കൊല്ലം ജില്ലയില്‍ 4.89 കോടി രൂപ ചെലവില്‍ ഒമ്പത് റോഡുകളും, ആലപ്പുഴയില്‍ 9.2 കോടി രൂപ ചെലവില്‍ 26 റോഡുകളും, എറണാകുളം ജില്ലയില്‍ 3.85 കോടി രൂപ ചെലവില്‍ 7 റോഡുകളും, തൃശ്ശൂര്‍ ജില്ലയില്‍ 5.84 കോടി രൂപ ചെലവില്‍ 11 റോഡുകളും, കോഴിക്കോട് ജില്ലയില്‍ 3.08 കോടി രൂപ ചെലവില്‍ ആറ് റോഡുകളും, മലപ്പുറം ജില്ലയില്‍ 7.4 കോടി രൂപ ചെലവില്‍ ഒമ്പത് റോഡുകളും, കണ്ണൂര്‍ ജില്ലയില്‍ 8.41 കോടി രൂപ ചെലവില്‍ 17 റോഡുകളും, കാസര്‍ഗോഡ് ജില്ലയില്‍ 4.51 കോടി രൂപ ചെലവില്‍ പത്ത് റോഡുകളുമാണ് നവീകരിച്ചത്.