തിരുവല്ലയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു; ഇച്ഛാശക്തിയുടെ പ്രതീകമായി സൂപ്പര്‍ ബൈപ്പാസ്

post

പത്തനംതിട്ട: തിരുവല്ലയുടെയും ചുറ്റുപാടുമുള്ള ജനങ്ങളുടെയും ചിരകാല സ്വപ്നമാണ് ബൈപാസിന്റെ ഉദ്ഘാടനം വഴി സഫലമാകുന്നത്. വികസന രംഗത്ത് എല്‍ഡിഎഫ്  സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് ഇത് സാധ്യമാക്കിയത്. 2.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് എംസി റോഡില്‍ മഴുവങ്ങാട് നിന്നും ആരംഭിച്ച് രാമന്‍ചിറയില്‍ അവസാനിക്കുന്നു.  ഈ റോഡ് ബി1 ബി1 റോഡിലൂടെ തിരുവല്ല - കോഴഞ്ചേരി  റോഡില്‍ പ്രവേശിക്കുന്നതിനാല്‍  ചെങ്ങന്നൂരില്‍ നിന്നും കോട്ടയത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പട്ടണത്തില്‍ പ്രവേശിക്കാതെ റ്റികെ റോഡിലേക്കുള്ള യാത്ര തുടരാന്‍  സാധിക്കും. തിരുവല്ല- മല്ലപ്പള്ളി  റോഡുമായി ബൈപ്പാസ് ബന്ധിച്ചിരിക്കുന്നതിനാല്‍ മല്ലപ്പള്ളി, ചെങ്ങന്നൂര്‍,  കോഴഞ്ചേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പട്ടണത്തില്‍ കടക്കാതെ നാനാഭാഗത്തേക്ക്  അനായാസേന യാത്ര ചെയ്യാന്‍കഴിയും. ഈ പശ്ചാത്തലത്തില്‍ ബൈപ്പാസ് ചുറ്റുമുള്ള റോഡുകളുടെ എല്ലാം സൂപ്പര്‍ ബൈപ്പാസ് ആയി മാറും.

കെഎസ്റ്റിപിയാണ്  ബൈപ്പാസ് നിര്‍മാണ പ്രവര്‍ത്തി നടപ്പാക്കിയത്. റോഡിന് ആവശ്യമായ  ഭൂമി ലഭ്യമാക്കുന്നതില്‍ വന്ന കാലതാമസവും ആദ്യത്തെ പ്രൊജക്റ്റില്‍ കടന്നു കൂടിയ  സാങ്കേതിക പിഴവുകള്‍  മൂലവും കുറെ താമസം നേരിട്ടിരുന്നു. നേരത്തേ തയാറാക്കിയിരുന്ന രൂപകല്പന പ്രകാരം 2014 ല്‍ ആരംഭിച്ച പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയില്ല എന്ന് സാങ്കേതിക വിദഗ്ധര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോയി. ബൈപ്പാസ് നിര്‍മാണത്തിന് ആവശ്യമായിരുന്ന ഭൂമിയും അന്ന് ലഭ്യമായിരുന്നില്ല. തുടര്‍ന്ന്, ലോക ബാങ്കില്‍ നിന്നും വിദഗ്ധര്‍ എത്തി  സ്ഥല പരിശോധന നടത്തി പദ്ധതി ഉപേക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലോകബാങ്ക് ഉദ്യോഗസ്ഥരെ വീണ്ടും സമീപിച്ച് പുതുക്കിയ രൂപകല്പനയ്ക്ക് അംഗീകാരം ലഭ്യമാക്കി പുതിയ ടെന്‍ഡര്‍ വിളിച്ച് പണികള്‍ പുനരാരംഭിച്ചത് 2019 ജനുവരിയിലാണ്. അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ നിരന്തര ഇടപെടലാണ് എന്നന്നേക്കുമായി മുടങ്ങിപ്പോകുമായിരുന്ന തിരുവല്ല ബൈപ്പാസിനെ യാഥാര്‍ഥ്യമാക്കിയത്.

കോവിഡ് കാരണമുണ്ടായ ലോക്ഡൗണ്‍ മൂലം പണികള്‍ വൈകിയെങ്കിലും കൃത്യമായ ഇടപെടലുകള്‍ നടത്തി പുരോഗതി നിരന്തരം വിലയിരുത്തി മാര്‍ഗനിര്‍ദേശം നല്‍കിയ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോടും, പിണറായി വിജയന്‍ സര്‍ക്കാരിനോടും തിരുവല്ല നിവാസികളുടെ കടപ്പാട് വളരെ വലുതാണെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു.

തിരുവല്ല മണ്ഡലത്തിലെ റോഡുകള്‍ ഉന്നതനിലവാരത്തിലേക്ക്

തിരുവല്ല നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം ഉന്നതനിലവാരത്തിലേക്ക് ഉയരുകയാണ്. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ മികച്ച ഇടപെടലാണ് മണ്ഡലത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കിയത്. കിഫ്ബി ഫണ്ടും, ബജറ്റ് വിഹിതവും എംഎല്‍എ ഫണ്ടും ഉപയോഗിച്ചാണ് മണ്ഡലത്തിലെ റോഡുകളുടെ ഉന്നതനിലവാരത്തിലുള്ള വികസനം നടപ്പാക്കുന്നത്.

തിരുവല്ല പട്ടണത്തിന്റെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന് നിരവധി പൊതുമരാമത്ത് പണികള്‍ പൂര്‍ത്തിയായി വരുന്നു. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് വീതി കൂട്ടി നിര്‍മിച്ചു. ഇടിഞ്ഞില്ലം പാലം പുനര്‍നിര്‍മിച്ചു കഴിഞ്ഞു. വസ്തു ഉടമസ്ഥരുടെ സഹകരണത്തോടു കൂടിയാണ് റോഡിന് വീതി കൂട്ടിയിട്ടുള്ളത്. തിരുവല്ല പട്ടണത്തില്‍ പ്രവേശിയ്ക്കേണ്ടാത്ത വാഹനങ്ങള്‍ക്ക്  ചങ്ങനാശേരി റോഡില്‍ നിന്നും മാവേലിക്കര ഭാഗത്തേക്കും തിരിച്ചും അനായാസേന യാത്ര ചെയ്യുന്നതിന് റോഡിന്റെ നവീകരണം വഴിയൊരുക്കി. ഫലത്തില്‍ ഈ റോഡും മറ്റൊരു ബൈപ്പാസായി മാറി. 16.5 കോടി  രൂപയുടെ കിഫ്ബി ഫണ്ട് ഇതിനായി വിനിയോഗിച്ചു.

മറ്റൊരു ബൈപ്പാസായി വികസിക്കുകയാണ് തോട്ടഭാഗം - ചങ്ങനാശേരി റോഡ്.  റോഡ് 12 മീറ്റര്‍  വീതിയില്‍ വികസിപ്പിച്ചും കലുങ്കുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചും ഈ പണി പൂര്‍ത്തിയാക്കി വരുന്നു. 33 കോടി രൂപ ഇതിനായി കിഫ്ബി ഫണ്ടില്‍ നിന്നും ലഭ്യമാക്കി. ഉന്നതനിലവാരത്തില്‍ വികസിപ്പിക്കുന്ന കുറ്റൂരില്‍ നിന്നും ആരംഭിച്ച് മനയ്ക്കച്ചിറയില്‍  എത്തി  അവിടെ നിന്ന് കിഴക്കന്‍മുത്തൂരില്‍  എത്തുന്ന  റോഡ്, റ്റികെ  റോഡില്‍ നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്കും തിരികെയും ഉള്ള യാത്ര അനായാസമാക്കുന്നു.  കിഴക്കന്‍മുത്തൂരില്‍ എത്തുന്ന റോഡ് തിരുവല്ല പട്ടണത്തില്‍ പ്രവേശിക്കാതെ മല്ലപ്പള്ളിയിലേക്കും, ചങ്ങനാശേരിയിലേക്കും ഉള്ള യാത്ര സുഗമമാക്കും. കിഴക്കന്‍മുത്തൂര്‍ - മുത്തൂര്‍ റോഡിന്റെ പണികള്‍ ആരംഭിച്ചു കഴിഞ്ഞു. കുറ്റൂര്‍ - മനയ്ക്കച്ചിറ, കിഴക്കന്‍മുത്തൂര്‍ - മുത്തൂര്‍  റോഡിന്  17 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്.

ഉന്നതനിലവാരത്തിലുള്ള അമ്പലപ്പുഴ തിരുവല്ല റോഡ് വികസനം പൊടിയാടി വരെ പൂര്‍ത്തീകരിച്ചു. പൊടിയാടി - തിരുവല്ല രണ്ടാംഘട്ടം  ആരംഭിച്ചു കഴിഞ്ഞു. 71 കോടി രൂപയാണ് രണ്ടാംഘട്ട  വികസനത്തിന് വകയിരുത്തിയിട്ടുള്ളത്. തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് 12 മീറ്റര്‍ വീതിയില്‍ മല്ലപ്പള്ളി വരെയും ഒന്‍പതു മീറ്റര്‍ വീതിയില്‍ മല്ലപ്പള്ളി - ചേലക്കൊമ്പ്  ഭാഗത്തും നിര്‍മിക്കും. കിഫ്ബിയില്‍ നിന്ന് 81 കോടിരൂപഇതിന് അനുവദിച്ചിട്ടുണ്ട്. റോഡിന്റെ അലൈന്‍മെന്റ് തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. സാമൂഹ്യ ആഘാത പഠനം നടന്നു വരുന്നു. വീതി കൂട്ടുന്നതിന് ആവശ്യമായ പണം പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വസ്തു ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. എത്രയും വേഗം ഈ റോഡിന്റെ പണികള്‍ ആരംഭിക്കും.

മറ്റൊരു പ്രധാന റോഡാണ് കാവുഭാഗം തുകലശേരി റോഡ്. ഇതിനായി ഏഴു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. പണി ഉടന്‍ ആരംഭിക്കും. പള്ളിവേട്ടയാല്‍ - ചക്രക്ഷാളന- ഇരമല്ലിക്കര രോഡ് പണി പൂര്‍ത്തിയായി വരുകയാണ്. കുറ്റപ്പുഴ- മുത്തൂര്‍- കാവുംഭാഗം റോഡ് ആറു കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ചു കഴിഞ്ഞു. കൂടാതെ, തിരുമൂലപുരം - കറ്റോട്, ബഥേല്‍ പടി - ചുമത്ര റോഡുകളുടെ നവീകരണവും ഉടന്‍ നടത്തുമെന്നും അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു.