കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

post

കലാശാലാ വിദ്യാര്‍ഥികളുമായി സംവാദം നടത്തി

കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന നവകേരളം-യുവകേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ഇടപെടലിന് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. അതുവഴി കേരളത്തിലെ സര്‍വകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ കേരളത്തില്‍ ഇല്ലെന്നതിനാല്‍ നിരവധി പേര്‍ സംസ്ഥാനത്തിന് പുറത്തു പോയാണ് പഠിക്കുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ട് വരുന്ന സ്ഥിതിയുണ്ടാകും. അടുത്ത ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികള്‍ പഠിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം നിരവധി സവിശേഷതകള്‍ ഉള്ള, ആരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ്. അതിനാല്‍ ഈ സാധ്യത ഏറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങള്‍ക്ക് സര്‍ക്കാരും സര്‍വകലാശാലകളും മുന്‍കൈയെടുക്കണം. അതിന്റെ ഭാഗമായി പ്രഗല്‍ഭ അക്കാദമിക വിദഗ്ധരെ അധ്യാപകരായി കൊണ്ടുവരണം. അതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കപ്പെടണം. കോഴ്‌സുകളിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാവണം. ഉന്നത കലാലയങ്ങളിലെ ലൈബ്രറികളും ലാബുകളും ഏത് സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാവണം. അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഹോസ്റ്റലുകളിലുണ്ടാവണം. ലോകത്തെ ഏത് മികച്ച ഉന്നത കലാലയത്തോടും കിടപിടിക്കുന്നവയാക്കി നമ്മുടെ കലാശാലകളെ മാറ്റാനാവണം. ഇതിനൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

കോഴ്‌സ് കഴിയുന്നതോടെ തൊഴിലുകളില്‍ പ്രവേശിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ തൊഴില്‍-നൈപുണ്യ പരിശീലനം പഠനത്തോടൊപ്പം നല്‍കാന്‍ സംവിധാനമൊരുക്കും. അതോടൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വ്യാവസായിക മേഖലകളിലെ തൊഴില്‍ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ ആരംഭിക്കേണ്ടതുണ്ട്. ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ട് അവര്‍ക്കാവശ്യമായ രീതിയിലുള്ള മാറ്റങ്ങള്‍ കോഴ്‌സുകളില്‍ കൊണ്ടുവരാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് ഗവേഷണ കുതുകികളായ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കണം. സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കാനും വികസനക്കുതിപ്പിന് വലിയ താങ്ങാവാനും അത് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ വിവരസാങ്കേതികവിദ്യയുടെ വരവ് ലോകത്തെയും ജനജീവിതത്തെയും വലിയ രീതിയില്‍ മാറ്റിമറിച്ചെങ്കിലും അവ ഇപ്പോഴും അപ്രാപ്യമായ വലിയൊരു ജനത നമുക്കിടയിലുണ്ട്. ഈ ഡിജിറ്റല്‍ വിടവ് പരിഹരിക്കാനാണ് കെ ഫോണ്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ലോകത്തേക്ക് ആര്‍ക്കും പ്രവേശനം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് കെ ഫോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കൊവിഡ് കാലത്ത് സമൂഹത്തിന്റെ പിന്തുണയോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കേരളത്തിന് സാധിച്ചു. ലോകത്തിലെ പ്രഗല്‍ഭരുമായി സംവദിക്കാന്‍ നമ്മുടെ ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന എമിനന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ പരിപാടി തുടങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. അക്കാദമിക മികവ് പുലര്‍ത്തുന്ന 1000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ ലഭ്യമാക്കുന്ന പദ്ധതിയും ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു മാസം ഒരു ലക്ഷം രൂപ വരെ നല്‍കുന്ന പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ നാശോന്‍മുഖമാവുകയും അവിടെ നിന്ന് വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോവുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. 2016 ന് മുമ്പ് ഇത്രയധികം പൊതുവിദ്യാലയങ്ങളെ എങ്ങനെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ചിന്തിച്ചവരുണ്ട്. എന്നാല്‍ പൊതുവിദ്യാഭ്യാസ സംരക്ഷണം ഒരു മിഷനായി ഏറ്റെടുത്തപ്പോള്‍ അത് സാധ്യമായി. നാം ശരിയായ ദിശാബോധത്തില്‍ എത്തുകയാണ് പ്രധാനം. ഗ്രാമീണ സ്‌കൂളുകള്‍ പോലും ലോകനിലവാരത്തിലേക്കുയര്‍ത്താനായി. പശ്ചാത്തല സൗകര്യങ്ങളോടൊപ്പം അക്കാദമിക നിലവാരവും ഉയര്‍ന്നതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 680,000ത്തിലേറെ കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന സ്ഥിതിയുണ്ടായി. ആ മാറ്റം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലും കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗം പൂര്‍ണ അര്‍ഥത്തില്‍ ശാക്തീകരിക്കുകയാണ് ലക്ഷ്യം. സ്ഥിര അധ്യാപകരുടെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വലിയ തോതിലുള്ള സാമ്പത്തിക നിക്ഷേപം നടത്തി തന്നെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇനങ്ങളില്‍ 570 എണ്ണവും അധികാരമേറ്റ് നാലു വര്‍ഷത്തിനകം നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. അതിനു ശേഷം ബാക്കിയുള്ളവയും ഏറെക്കുറെ നടപ്പിലായിക്കഴിഞ്ഞു. ഓരോ വര്‍ഷവും അതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കാനും സര്‍ക്കാറിന് സാധിച്ചു. ഇതോടെ പ്രകടന പത്രികകളെ ഗൗരവത്തോടെ ജനങ്ങള്‍ കാണുന്ന സ്ഥിതിയുണ്ടായി. ഭാവി കേരളത്തിന് രൂപം നല്‍കുന്നതിനാവശ്യമായ ആശയങ്ങള്‍ രൂപീകരിക്കുകയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തുന്ന സംവാദത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യൂനിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാംപസില്‍ നടന്ന പരിപാടിയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍, സര്‍വ്വകലാശാല യൂനിയന്‍ ചെയര്‍മാന്‍ എം കെ ഹസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊ. വൈസ് ചാന്‍സലര്‍ പ്രഫ. എ സാബു ഉപഹാര സമര്‍പ്പണം നടത്തി. എം വി നികേഷ് കുമാറായിരുന്നു പരിപാടിയുടെ അവതാരകന്‍. കണ്ണൂര്‍ സര്‍വകലാശാല സംഗീത പഠന വകുപ്പ് വിദ്യാര്‍ത്ഥികളുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ടെലിവിഷന്‍ അവതാരകന്‍ ജി എസ് പ്രദീപ് 'ഇന്‍സപയര്‍ കേരള' എന്ന വിഷയം അവതരിപ്പിച്ചു.  കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികളാണ് സംവാദത്തില്‍ പങ്കെടുത്തത്.

നവകേരള സ്വപ്നങ്ങള്‍ പങ്കുവച്ച് വിദ്യാര്‍ഥികള്‍

മുഖമന്ത്രി പിണറായി വിജയനുമായി നവകേരള നിര്‍മിതിക്കായുള്ള സ്വപ്നങ്ങളും ആശയങ്ങളും പങ്കുവച്ച് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ നടന്ന സംവാദത്തില്‍ കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 60ലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വിവിധ നിര്‍ദ്ദേശങ്ങളും ആശയങ്ങളും വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നു. ഓരോ ചോദ്യവും ശ്രദ്ധിച്ച് കേട്ടു കുറിച്ചെടുത്ത മുഖ്യമന്ത്രി അവയ്ക്ക് അവസാനം മറുപടിയും നല്‍കി. സംസ്ഥാനത്ത് ഇതുവരെ നടത്തിയതില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത ചര്‍ച്ച കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും തീരുമാനമെടുക്കേണ്ട വിഷയങ്ങള്‍ ആ രീതിയില്‍ പരിഗണിക്കും. അക്കാദമിക് തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയങ്ങളില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗോത്ര വിഭാഗങ്ങള്‍ക്കായി അന്തര്‍ ദേശീയ ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും. അതോടൊപ്പം ഭാവിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ അവ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള കാര്യങ്ങള്‍ കെട്ടിടത്തിന്റെ പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്. കോഴ്സുകളുടെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്തും. ഇതോടെ വിവിധ കലാശാലകള്‍ക്കിടയില്‍ സ്റ്റുഡന്‍സ് എക്‌സ്‌ചേഞ്ച് സംവിധാനം സാധ്യമാവും. സ്‌കൂളുകള്‍ ഹൈടെക്ക് ആവുന്നതോടൊപ്പം തന്നെ അതിനനുസൃതമായി അധ്യാപകര്‍ക്കുള്ള പരിശീലനും നല്‍കുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് സ്‌കൂളുകളിലെ അക്കാദമിക മികവിലൂടെ ദൃശ്യമാവുന്നത്. കോളേജുകളിലും കൗണ്‍സലിംഗ് സംവിധാനം ഒരുക്കുന്നത് പരിഗണിക്കും. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കീഴിലെ സാമൂഹ്യസന്നദ്ധ സേനയില്‍ മൂന്ന് ലക്ഷത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. അവരില്‍ ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സൗകര്യങ്ങളിലുള്‍പ്പെടെ കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങള്‍ കാലങ്ങളായി അനുഭവിച്ചുവരുന്ന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചര്‍ച്ചയോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്കു കീഴിലെ കോളേജുകളില്‍ കോഴ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം, പുതിയ കോഴ്സുകള്‍ നടപ്പിലാക്കണം, കോളേജുകള്‍ ഭിന്നശേഷി സൗഹൃദമാക്കണം, ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം, ഫോക്ലോര്‍ കലാകേന്ദ്രം പരിഗണിക്കണം, സ്വകാര്യമേഖലയിലെ ബിഎഡ് കോളേജുകളിലെ ഫീസ് ഏകീകരിക്കണം, തൊഴിലധിഷ്ടിത കോഴ്സുകള്‍ വേണം, വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, റെസിഡന്‍ഷ്യല്‍ കോളേജുകള്‍, കായിക വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ കോഴ്‌സുകള്‍ തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും ഉയര്‍ന്നുവന്നത്.

കണ്ണൂര്‍ യൂണിവേഴ്സിറ്റി താവക്കര, മാങ്ങാട്ടുപറമ്പ്, പാലയാട് കാമ്പസുകള്‍, വനിതാ കോളേജ്, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, മേരിമാതാ കോളേജ് വയനാട്, സെന്റ് ജോസഫ് കോളേജ്, മോഡല്‍ കോളേജ് മടിക്കേരി, എംജി കോളേജ് ഇരിട്ടി, ബ്രണ്ണന്‍ കോളേജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ തുടങ്ങിയ കോളേജുകളിലെ വിദ്യാര്‍ഥികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ശ്രീക്കുട്ടിയുടെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി; കലാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കും

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുന്നതിനാണ് ആശയസംവാദം പരിപാടിയിലേക്ക് ശ്രീക്കുട്ടി വീല്‍ ചെയറില്‍ എത്തിയത്. കോളേജുകള്‍ ഇപ്പോഴും ഭിന്നശേഷി സൗഹൃദങ്ങളല്ലെന്ന് ശ്രീക്കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു. പല നിലകളുള്ള കോളേജില്‍ റാംപോ ലിഫ്‌റ്റോ ഇല്ലാത്തത് കാരണം ക്ലാസുകളില്‍ എത്തിച്ചേരാന്‍ പ്രയാസമാണ്. ഈ ബുദ്ധിമുട്ട് കാരണം പലരും പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് ശ്രീക്കുട്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇത് തന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനവുമെന്നും അവര്‍ പറഞ്ഞു. കൂടാതെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും മാനന്തവാടി ഗവ. കോളേജിലെ വിദ്യാര്‍ഥിയായ ശ്രീക്കുട്ടി ആവശ്യപ്പെട്ടു. നിറഞ്ഞ കൈയടിയോടെയായിരുന്നു ശ്രീക്കുട്ടിയുടെ ആവശ്യങ്ങളെ സദസ്സ് സ്വീകരിച്ചത്.

ഭിന്നശേഷിക്കാരിയായ വിദ്യാര്‍ഥിയുടെ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി നിലവിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. അതോടൊപ്പം പുതുതായി പണി കഴിപ്പിക്കുന്ന എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്ലാനില്‍ തന്നെ വ്യവസ്ഥ ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ത്തോമ കോളേജ് ഫോര്‍ ഹിയറിംഗ് ഇംപയേര്‍ഡിലെ വിദ്യാര്‍ഥി മുഹമ്മദ് അഫ്രാഹിം എത്തിയതും സംസ്ഥാനത്ത് പഠിക്കുന്ന തന്നെപ്പോലുള്ള വിദ്യാര്‍ഥികളുടെ പ്രതിനിധി ആയാണ്. പരിഭാഷകയുടെ സഹായത്തോടെയാണ് അഫ്രാഹ് മുഖ്യമന്ത്രിയോടായി സംസാരിച്ചത്. പ്ലസ് ടു കാലഘട്ടത്തില്‍ സിലബസും അതിന്റെ വിധിനിര്‍ണയവുമെല്ലാം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. എന്നാല്‍ കോളേജുകളില്‍ എത്തുമ്പോള്‍ പ്രയാസമേറിയ സിലബസ് പഠിച്ച് പരീക്ഷകളില്‍ വിജയിക്കുക തന്നെ അസാധ്യമാവുന്നു. സിലബസ് ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു അഫ്രാഹിന്റെ ആവശ്യം.