റവന്യൂ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ മുഖം ആര്‍ജിച്ചു; മുഖ്യമന്ത്രി

post

റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: റവന്യൂ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ പുതിയ മുഖം ആര്‍ജിച്ചതായും ജനങ്ങളെ കണക്കിലെടുത്തുള്ള ഇത്തരം മാറ്റങ്ങളിലൂടെ കേരളം രാജ്യത്തിന് തന്നെ മാതൃകയായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏറ്റവും വലിയ ജനകീയ ആവശ്യമായ പട്ടയപ്രശ്‌നത്തിന് സര്‍ക്കാര്‍ വലിയ മുന്‍ഗണന നല്‍കിയതായും ഇനിയും പട്ടയം കിട്ടാനുള്ള അര്‍ഹരുടെ പ്രശ്‌നം ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമൂഹത്തിന് ഗുണമുള്ള ഒട്ടേറെ പദ്ധതികള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്നതില്‍ 13,320 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുന്ന ചടങ്ങാണ് പ്രധാനം. ദശാബ്ദങ്ങളായി സാങ്കേതിക പ്രശ്‌നങ്ങളിലും നിയമക്കുരുക്കുകളിലുംപെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ഒരുപാട് പേര്‍ക്ക് പട്ടയം നല്‍കാനായി. ഇതുവരെ രണ്ടുലക്ഷത്തോളം പട്ടയങ്ങള്‍ ഈ സര്‍ക്കാരിന് നല്‍കാനായത് സര്‍വകാല റെക്കോഡാണ്. ഇതുമാത്രമല്ല, ഇനിയും പട്ടയം കിട്ടാന്‍ അര്‍ഹരായവരുടെ കാര്യം ഗൗരവമായി കാണും. ഈ പ്രശ്‌നം അതിവേഗം ഹരിഹരിക്കാന്‍ സംവിധാനമൊരുക്കും.

സാധാരണക്കാര്‍ കൂടുതലെത്തുന്ന റവന്യൂ, വില്ലേജ് ഓഫീസുകള്‍ ജനസൗഹാര്‍ദ്ദപരമാക്കുക എന്നതാണ് പ്രധാനം. അത്തരത്തില്‍ നവീകരിച്ച് ആധുനിക സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളാണെടുക്കുന്നത്. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്. 441 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇതിനകം ആരംഭിച്ചു. 1665 വില്ലേജ് ഓഫീസുകള്‍ നവീകരിച്ചു. മെച്ചപ്പെട്ട കെട്ടിടം, കുടിവെള്ളം, ഇരിപ്പിട സൗകര്യം, ശുചിമുറി തുടങ്ങിയവ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലുണ്ടാകും.

ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനൊപ്പം ഭരണനിര്‍വഹണം കൂടുതല്‍ മെച്ചപ്പെടുത്താനും നടപടി സ്വീകരിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം ഫലപ്രദമായി റവന്യൂ വകുപ്പിലും വ്യാപിപ്പിക്കുന്നത്. റവന്യൂ വകുപ്പില്‍ ആദ്യഘട്ടത്തില്‍ താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റുകളിലും ആര്‍.ഡി.ഒ ഓഫീസുകളിലും ഇ-ഓഫീസ് ആരംഭിച്ചിട്ടുണ്ട്.

25 സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ഇ-ഡിസ്ട്രിക്്ട് സംവിധാനം വഴി ഓണ്‍ലൈനായി വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

13,320 പട്ടയ വിതരണങ്ങളുടെ ഉദ്ഘാടനം, പ്രകൃതി ദുരന്ത മുന്നറിയിപ്പ് ജനങ്ങളില്‍  എത്തിക്കുന്നതിനുള്ള ഏര്‍ലി വാണിംഗ് ഡിസ്സെമിനേഷന്‍ സിസ്റ്റത്തിന്റെ (ഇ.ഡബ്ലു.ഡി.എസ്) നിര്‍മ്മാണോദ്ഘാടനം, 129 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് (ഇടുക്കി), മിനി സിവില്‍ സ്്‌റ്റേഷന്‍ (ഇരിട്ടി), നാല് റവന്യു ഡിവിഷണല്‍ ഓഫീസുകള്‍ (കോട്ടയം, പാല, വടകര, മാനന്തവാടി), രണ്ട് താലൂക്ക് ഓഫീസുകള്‍ (മാവേലിക്കര, ചെങ്ങന്നൂര്‍), ഇടുക്കിയില്‍ ആറ് റെസ്‌ക്യു ഷെല്‍ട്ടറുകള്‍, പുതിയ ഓഫീസ് ബ്ലോക്ക് നിര്‍മ്മാണം (കണ്ണൂര്‍ കളക്ട്രേറ്റ്, മാനന്തവാടി, താമരശ്ശേരി താലൂക്ക് ഓഫീസുകള്‍), കോണ്‍ഫറന്‍സ്  ഹാള്‍ നിര്‍മ്മാണം (കണ്ണൂര്‍ താലൂക്ക് ഓഫീസ്) ചൊക്ലി വില്ലേജ് ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം, 16 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം, ചാലാട്, കതിരൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം, മുതലമട, നരിപ്പറ്റ് (പാലക്കാട്) റവന്യു സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളുടെ  ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.