പൂന്തുറ തീരം സംരക്ഷിക്കാന്‍ ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന് തുടക്കമായി

post

തിരുവനന്തപുരം: പൂന്തുറ ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിന്റെയും കൃത്രിമപാര് നിക്ഷേപിക്കലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. തീരം നിലനിര്‍ത്താന്‍ കരിങ്കല്ലിനു പകരം ബദല്‍ എന്ന നിലയിലാണ് ജിയോ ട്യൂബ് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൂന്തുറ-വലിയതുറ പ്രദേശം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കടല്‍ക്ഷോഭം നേരിടുന്ന മേഖലയാണ്. കടല്‍ക്ഷോഭം മൂലം തൊഴില്‍നഷ്ടവും വീടുകള്‍ നശിക്കുന്നതും പതിവാണ്. പരമ്പരാഗത കരിങ്കല്‍ കടല്‍ഭിത്തി കൊണ്ട് കടല്‍ക്ഷോഭം തടയാനാകില്ലെന്ന് കണ്ടാണ് പുതിയ മാര്‍ഗം സ്വീകരിക്കുന്നത്. പ്രമുഖ സമുദ്ര ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി തയാറാക്കിയ രൂപരേഖ അനുസരിച്ചാണ് 150 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതില്‍ ആദ്യഘട്ടമെന്ന നിലയിലാണ് 19.57 കോടി രൂപ അടങ്കല്‍ തുകയില്‍ പൂന്തുറ പ്രദേശത്തെ 700 മീറ്റര്‍ തീരസംരക്ഷണ പ്രവൃത്തികള്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതിയുടെ എസ്.പി.വി.

ചടങ്ങില്‍ പൂന്തുറ, ബീമാപ്പള്ളി, വലിയതുറ എന്നീ മത്സ്യഗ്രാമങ്ങളുടെ തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ചു. പഴയ പൂന്തുറയെ തിരിച്ചുപിടിക്കലാണ് ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം വീട് നഷ്ടപ്പെട്ട 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മുട്ടത്തറയില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ പുനരധിവാസം ഉറപ്പാക്കി. വലിയതുറ ഫിഷറീസ് സ്‌കൂള്‍ ടെന്നീസ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു. കൃതിമപ്പാര് നിക്ഷേപത്തിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി പങ്കെടുത്തു.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലീം, നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എം. ബഷീര്‍, പൂന്തുറ കൗണ്‍സിലര്‍ മേരി ജിപ്‌സി, എസ്.ഐ.എഫ്.എല്‍ ചെയര്‍മാന്‍ ആന്റണി രാജു, ഫിഷറീസ് ഡയറക്ടര്‍ സി.എ. ലത, തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി പി.ഐ ഷേയ്ക് പരീത്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ ബി.റ്റി.വി കൃഷ്ണന്‍, തീരദേശ വികസന കോര്‍പറേഷന്‍ ചീഫ് എഞ്ചിനീയര്‍ എം.എ മുഹമ്മദ് അന്‍സാരി, വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.