പുനരുപയോഗത്തിന്റെ പുതുവഴി തുറന്ന് ശുചിത്വ സംഗമ ചര്‍ച്ച

post

തിരുവനന്തപുരം: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ പരിപാടിയില്‍ പുനഃചംക്രമണ പുനരുപയോഗ ചര്‍ച്ചയില്‍ ഉയര്‍ന്നത് ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍. കേരളത്തില്‍ നടപ്പാക്കുന്ന വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്‌കരണ രീതി മികച്ചതാണെന്ന വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ കൂടുതല്‍ മാലിന്യ സംസ്‌കരണ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയില്‍ ഉയര്‍ന്നു. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംരംഭകര്‍ മാലിന്യ പുനരുപയോഗ സാധ്യതകള്‍ വിശദീകരിച്ചു. മാലിന്യത്തെ പുതിയ ഉല്‍പ്പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങളായാണ് കാണാറുള്ളതെന്നും ഇവ പൂര്‍ണ്ണമായും പുനഃചംക്രമണത്തിന് വിധേയമാക്കാന്‍ സാധിക്കുമെന്ന ഉറപ്പും പ്രതിനിധികള്‍ പങ്കുവച്ചു. കേരളത്തില്‍ നടക്കുന്ന മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളെ ഐക്യരാഷ്ട്ര സഭ വികസന പരിപാടി പ്രതിനിധികള്‍ അഭിനന്ദിക്കുകയും ശാസ്ത്രീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുമെന്നും അറിയിച്ചു. 

മാലിന്യ ശേഖരണത്തിന് സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ ഏകോപനം സുഗമമാക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. കോഴി മാലിന്യ സംഭരണത്തിന് ശക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാകണമെന്നും ഫ്രീസര്‍ സംവിധാനം നിര്‍ബ്ബന്ധമാക്കണമെന്നും പ്രത്രിനിധികള്‍ ആവശ്യപ്പെട്ടു. കോഴി മാലിന്യത്തില്‍ നിന്ന് പ്രോട്ടീന്‍ പൗഡര്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, മുടിയില്‍ നിന്ന് അമിനോ ആസിഡ് ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള മാതൃകകള്‍ വിവിധ സംരംഭകര്‍ പങ്കുവച്ചു. സിമന്റ് നിര്‍മ്മാണത്തില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ സാധ്യതകളും ചര്‍ച്ചയായി.

പ്രൊഫ. പി. കെ. രവീന്ദ്രന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ പുനരുപയോഗ സംരംഭകര്‍, ശാസ്ത്രീയ വിദഗ്ദ്ധര്‍, യു.എന്‍.ഡി.പി. പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.