പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡ്: മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു

post

തിരുവനന്തപുരം : പരിശീലനം പൂര്‍ത്തിയായ പതിനഞ്ചു പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. പോലീസ് നായകളുടെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് പുതിയ നായ്ക്കുട്ടികളെ സേനയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ഥലത്തും നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. കേരള പോലീസില്‍ തന്നെ ശ്രദ്ധേയമായ ഒട്ടേറെ കേസുകളില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് നായ്ക്കള്‍ സഹായിച്ചിട്ടുണ്ട്. എല്ലാക്കാലത്തും ഇവര്‍ക്ക് മികച്ച പരിശീലനത്തിനും പരിപാലനത്തിനും പോലീസ് ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെല്‍ജിയം മലിനോയിസ് എന്ന ഇനത്തില്‍പ്പെട്ട പതിനഞ്ചു നായ്ക്കളാണ് ബുധനാഴ്ച പോലീസ് ശ്വാനസേനയായ കെ9 സ്‌ക്വാഡിന്റെ ഭാഗമായത്. പത്തു  മാസത്തെ വിദഗ്ദ്ധ പരിശീലനം നേടിയ ഇവയ്ക്ക് മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടിക്കുന്നതിനും, സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നുകളും കണ്ടെത്തുന്നതിനും പരിശീലനം നല്‍കിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനവും ഇവയ്ക്ക് നല്‍കിയിട്ടുണ്ട്. പെട്ടിമുടി ദുരന്തത്തില്‍ മരണമടഞ്ഞ എട്ടുപേരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി പരിശീലനകാലത്തു തന്നെ മികവുകാട്ടിയ മായ എന്ന നായ ബുധനാഴ്ച പാസിംഗ് ഔട്ട് പരേഡിലുണ്ടായിരുന്നു. തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് മൈതാനത്ത് നടന്ന പാസിങ് ഔട്ട് പരേഡിനോട് അനുബന്ധിച്ച് പോലീസ് നായ്ക്കളുടെ അഭ്യാസപ്രകടനവും സംഘടിപ്പിച്ചു.

ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി കെ. പത്മകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.