നിയമസഭ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 948 ബൂത്തുകള്‍ സജ്ജമാക്കും

post

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ 576 മുഖ്യ ബൂത്തുകളും 372 ഓക്‌സിലറി ബൂത്തുകളുമുള്‍പ്പെടെ 948 ബൂത്തുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ  ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുമായി കളക്ട്രേറ്റില്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ആയിരം വോട്ടര്‍മാരില്‍ കൂടുതലുളള ബൂത്തു കളിലാണ് ഓക്‌സിലറി ബൂത്തുകള്‍ ഏര്‍പ്പെടുത്തുക. ഓക്‌സിലറി ബൂത്തുകളില്‍ 351 എണ്ണം നിലവില്‍ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന അതേ സ്ഥാപനത്തില്‍ തന്നെയാണ് ഒരുക്കുക. 16 എണ്ണം 200 മീറ്റര്‍ പരിധിക്കുള്ളില്‍ ഒരുക്കും. 7 എണ്ണം താല്‍ക്കാലിക കേന്ദ്രങ്ങളിലാണ് സജ്ജീകരിക്കുന്നത്. പരമാവധി ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ നിയോജക മണ്ഡലതലങ്ങളില്‍  ഉണ്ടാകും. മാനന്തവാടി മേരി മാതാ കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളാണ് കേന്ദ്രങ്ങളാവുക. വോട്ടെണ്ണലും ഇവിടങ്ങളില്‍ നടക്കും.

 എണ്‍പത് വയസ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടിന് സൗകര്യമൊരുക്കും. ഇത്തരക്കാര്‍ക്ക് തപാല്‍ വോട്ട് നേരിട്ട് എത്തിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തപാല്‍ വോട്ടിന് ആഗ്രഹിക്കുന്നവര്‍ 12-ഡി ഫോറത്തില്‍ അതത് വരണാധികാരിക്ക് അപേക്ഷ നല്‍കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തിയതി മുതല്‍ വിജ്ഞാപനം വന്ന് അഞ്ച് ദിവസം വരെ ഇത്തരത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കാം. ഇത്തരത്തില്‍ തപാല്‍ വോട്ട് അനുവദിക്കുന്നവരുടെ പ്രത്യേക പട്ടിക ബൂത്തടിസ്ഥാനത്തില്‍ വരണാധികാരി തയാറാക്കും. ഉദ്യോഗസ്ഥ സംഘം വീടുകളില്‍ എത്തി ഇവ നല്‍കും. ഇവര്‍ക്ക് രണ്ട് തവണ സന്ദര്‍ശിച്ചിട്ടും വോട്ടറെ കാണാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ അദ്ദേഹത്തിന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം നഷ്ടമാകും.  

ജനുവരി 31 ലെ കണക്ക് പ്രകാരം മൂന്ന് നിയോജക മണ്ഡലങ്ങളിലായി 6,07068 വോട്ടര്‍മാരാണ് ഉളളത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രത്യേകം തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന്   തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ അവസരമുണ്ടാകും. ജില്ലയില്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിനുളള പ്രചാരണങ്ങള്‍ മാധ്യമങ്ങളും ഏറ്റെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.