തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: 1013 റോഡുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 401 തദ്ദേശഭരണ സ്ഥാപനങ്ങളിലായി നിര്‍മ്മിച്ച 1013 റോഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം വേണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഇതിനകം ഗതാഗത യോഗ്യമാക്കാന്‍  സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5000 റോഡുകളില്‍ 1013 റോഡുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായിരിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്നതും മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതുമായ ആയിരത്തിലധികം റോഡുകളുടെ നിര്‍മ്മാണം റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. ബാക്കി റോഡുകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലത്തും സംസ്ഥാനത്തെ ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുടക്കം വരാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് ഇക്കാര്യത്തില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. രണ്ടു പ്രളയങ്ങള്‍ തീര്‍ത്ത മഹാകെടുതിയില്‍ നിന്നും നാടിനെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍പന്തിയില്‍ നിന്നു. ഇതിന്റെ തെളിവാണ് തകര്‍ന്നു പോയ റോഡുകളുടെ പുനരുദ്ധാരണമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാതൃകാപരമായ നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

1000 കോടി രൂപയുടെ റോഡ് നിര്‍മാണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ 3878 പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം പുരോഗമിക്കുന്നു. പ്രളയകാലത്തു തകര്‍ന്ന 1000 കിലോമീറ്റര്‍ റോഡുകളും നൂറിലധികം പാലങ്ങളും ഇതിനകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. 1783 കോടി രൂപയാണ് പ്രളയകാലത്ത് തകര്‍ന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിനായി ചെലവഴിച്ചത്.

ഇതിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിപ്രകാരം 5000-ലധികം റോഡുകള്‍ നവീകരിക്കുന്നത്. അതിനൊപ്പം കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,700 കോടി രൂപയുടെ റോഡ് നവീകരണം ഉള്‍പ്പടെയുള്ള അടിസ്ഥാന വികസന പദ്ധതികളും പുരോഗമിക്കുന്നു. നബാര്‍ഡിന്റെ സഹായത്തോടെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി കേരളാ പുനര്‍നിര്‍മാണ പദ്ധതിയില്‍ നീക്കിവച്ചിട്ടുള്ള 392 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.