കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രം ഇനി പുതിയ കെട്ടിടത്തില്‍

post

കൊല്ലം :  കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ  പ്രാഥമികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സാമൂഹ്യആരോഗ്യ വികസനത്തിന് ആവശ്യമായ അടിസ്ഥാനപശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഒരു നാടിനെ സംബന്ധിച്ച്  വളരെ പ്രധാനമാണ്. കെട്ടിടത്തിന് തറകല്ലിടുന്നത് മുതല്‍ പ്രവര്‍ത്തനോദ്ഘാടനം  വരെയുള്ള ഘട്ടങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിച്ചു, മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പിന്റെ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.09 കോടി രൂപ ചെലവിലാണ് ആധുനിക സജ്ജീകരണങ്ങളോടെ  പ്രാഥമികാരോഗ്യകേന്ദ്രം കെട്ടിടം നിര്‍മ്മിച്ചത്. 610 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഇരു നിലകളിലായാണ് നിര്‍മാണം പൂര്‍ത്തിയായത്. താഴത്തെ നിലയില്‍ റിസപ്ഷന്‍, രണ്ട്  ഒ പി കള്‍, ഫാര്‍മസി, പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനും  ഇന്‍ജക്ഷനുകള്‍ക്കും ഉപയോഗിക്കാവുന്ന മുറികളും  മുകളിലത്തെ നിലയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള പ്രത്യേക മുറികള്‍, ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ സ്റ്റോര്‍ റൂം എന്നിവയും സജീകരിച്ചിട്ടുണ്ട്.

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദേവദാസ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യാശോധ, വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, സ്ഥിരം സമിതി അധ്യക്ഷരായ  ടി അര്‍ജുനന്‍ പിള്ള, എന്‍ ഷേര്‍ലി, പഞ്ചായത്തംഗം വി വിനീത, തീരദേശ വികസന കോര്‍പറേഷന്‍ ചീഫ് എഞ്ചിനീയര്‍ എം എ മുഹമ്മദ് അന്‍സാരി, കെ എസ് സി, എ ഡി സി മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷെയ്ഖ് പരീദ്, കൊറ്റങ്കര പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ രശ്മി എസ് പിള്ള, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തീരദേശ വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


PHC