സമൂഹത്തില്‍ മാറ്റമുണ്ടാകാന്‍ നാനാഭാഗത്തുള്ള ഇടപെടലുകള്‍ വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

post

വിമോചനത്തിന്റെ പാട്ടുകാര്‍ ഡോക്യുഫിക്ഷന്റെ ആദ്യ പ്രദര്‍ശനം നടന്നു

തിരുവനന്തപുരം: നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാകൂവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചര്‍ പറഞ്ഞു. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലായിരുന്നു എന്നാണ് ചരിത്രത്തില്‍ പറയുന്നത്. എന്നാല്‍ കാലക്രമേണ പുരുഷന്‍മാരുടെ കൈയില്‍ സമ്പത്ത് വന്നുചേര്‍ന്നതോടെ ഇതിന് മാറ്റമുണ്ടായി. അതോടെ സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തേണ്ട അവസ്ഥയിലേക്ക് വന്നു. കാലക്രമേണ ഭൂ ഉടമകളും രൂപപ്പെട്ടു. വിദ്യ അഭ്യസിക്കാന്‍ പോലും സ്ത്രീകളെ അനുവദിച്ചില്ല. സ്ത്രീകള്‍ വളരെയധികം ചൂഷണമാണ് അനുഭവിച്ചത്. ഗണികയെ കണ്ടാല്‍ നല്ലതും വിധവയെ കണ്ടാല്‍ മോശമെന്ന അവസ്ഥപോലുമുണ്ടായി. അതില്‍ നിന്നാണ് സമൂഹം ഉയര്‍ന്ന് വന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 'വിമോചനത്തിന്റെ പാട്ടുകാര്‍' എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദര്‍ശന ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടിമാളുഅമ്മ, ആനീ മസ്‌ക്രീന്‍, അക്കമ്മ ചെറിയാന്‍, ഗൗരിയമ്മ തുടങ്ങി നിരവധി വനിതകള്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പുരോഗമനവാദികളായ ധാരാളം സ്ത്രീകള്‍ ഒരുമിച്ച് നിന്ന് വിവേചനത്തിനെതിരെ പോരാടിയതിന്റെ ഫലമാണ് നമ്മളിന്ന് അനുഭവിക്കുന്നത്.

പുതിയ കാലഘട്ടത്തിലും അതിന്റേതായ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. സ്ത്രീ ഒരു വസ്തുവാണെന്ന പുതിയ കാഴ്ചപ്പാട് വന്നു. ഈ സമൂഹത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ് സ്ത്രീകള്‍. അതിനാലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. വീട്ടില്‍ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് ഉള്ളത്. സമൂഹത്തെ വിദ്യാഭ്യാസം ചെയ്യിപ്പിച്ച് സമഭാവന വളര്‍ത്തിയെടുക്കണം. സധൈര്യം മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനൊരു പ്രചോദനമാണ് വിമോചനത്തിന്റെ പാട്ടുകാര്‍ എന്ന ഡോക്യുഫിക്ഷന്‍. നമ്മുടെ ധീര വനിതകളുടെ ഓര്‍മ്മപ്പെടുത്തലുകളാണ് ഈ ഡോക്യുഫിക്ഷന്‍ എന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ, വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ, വനിത വികസന കോര്‍പ്പറേഷന്‍ എം.ഡി. വി.സി. ബിന്ദു, സംവിധായിക വിധു വിന്‍സെന്റ്, പിന്നണി ഗായിക സയനോര തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് രാത്രി നടത്തവും സംഘടിപ്പിച്ചു.