തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ കലക്ടര്‍മാരുടെ കൂടിക്കാഴ്ച

post

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് കലക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പങ്കിടുന്ന ജില്ലകളായ കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, തെങ്കാശി ജില്ലാ കലക്ടര്‍ ജി എസ് സമീരന്‍ എന്നിവരാണ് ഇന്നലെ(ഫെബ്രുവരി 23) തെങ്കാശി ജില്ലാ കലക്ടറുടെ താത്കാലിക സമ്മേളന  ഹാളില്‍ ചര്‍ച്ച നടത്തിയത്. രണ്ടു ജില്ലകളിലെയും ഉദ്യോഗസ്ഥ സംഘവും സംബന്ധിച്ചു.

അതിര്‍ത്തി മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നതിന് ഇരുസംസ്ഥാനങ്ങളും ഒത്തൊരുമിച്ചു ശക്തമായി പ്രവര്‍ത്തിക്കണം. ജില്ലാ ഭരണകൂടവും പോലീസ്, ഫോറസ്റ്റ്, ഹെല്‍ത്ത്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു ശക്തമായ ഭരണവ്യവസ്ഥ നമുക്ക് ഉണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് തിരഞ്ഞെടുപ്പ് സമയത്തും തുടര്‍ന്നും പ്രവര്‍ത്തിക്കണം. എല്ലാ വകുപ്പുതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിരമായി പരിശോധന നടത്തുമെന്നും കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തെങ്കാശി, കൊല്ലം ജില്ലകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.  ഇരുഭാഗങ്ങളിലെയും എക്സൈസ്, വനം എന്നീ വകുപ്പുകളിലെ ജീവനക്കാര്‍ തമ്മില്‍ മികച്ച ബന്ധം നിലനിര്‍ത്തണം. തിരഞ്ഞെടുപ്പ് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനു ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും തെങ്കാശി ജില്ലാ കലക്ടര്‍ ഡോ ജി എസ് സമീരന്‍ പറഞ്ഞു.

ചെക്ക് പോസ്റ്റുകളില്‍ നിരീക്ഷണം ശക്തമാക്കാനും ആവശ്യമുള്ള ഇടങ്ങളില്‍ അധിക ചെക്ക്പോസ്റ്റുകള്‍, മൊബൈല്‍ ചെക്ക്പോസ്റ്റുകള്‍, എന്നിവ സ്ഥാപിക്കാനും മദ്യ വിപണനകേന്ദ്രങ്ങള്‍ നിരീക്ഷിക്കാനും വ്യാജമദ്യം തടയാനും നടപടിയെടുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി രണ്ട് ജില്ലകളിലെയും ഉദ്യോഗസ്ഥരടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും.