ഇടുക്കി പാക്കേജ് പ്രഖ്യാപനം ഫെബ്രുവരി 25 ന് കട്ടപ്പനയില്‍

post

ഇടുക്കി : ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള ഇടുക്കി പാക്കേജ് പ്രഖ്യാപനം ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ യും കണ്‍വീനര്‍ സി വി  വര്‍ഗീസും പത്രസമ്മേളനത്തില്‍  അറിയിച്ചു.

 ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍   വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ള ഇടുക്കിയുടെ ദീര്‍ഘകാല വികസന പരിപ്രേക്ഷ്യമായി 'മാറും ഈ പാക്കേജ്. സര്‍വതല സ്പര്‍ശിയായ വികസന കാഴ്ചപ്പാട് അന്വര്‍ത്ഥമാക്കുന്നതിനും ജില്ലയുടെ വികസനം പ്രായോഗികതലത്തില്‍ നടപ്പാക്കുന്നതിനുമുള്ള അഞ്ചുവര്‍ഷം കൊണ്ട് 10,000 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നതാണ് പാക്കേജ്. പ്രത്യുല്‍പാദനപരമായ മൂലധനനിക്ഷേപം ജില്ലയുടെ സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുന്നതാണ്. .ഫെബ്രുവരി 25 വ്യാഴാഴ്ച  രാവിലെ 11 മണിക്ക് കട്ടപ്പനയില്‍  എത്തിച്ചേരുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തില്‍  സ്വീകരിച്ച് ആനയിക്കും. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എം.പി., എംഎല്‍എമാരായ പി ജെ ജോസഫ്, ഇ എസ് ബിജിമോള്‍, എസ് രാജേന്ദ്രന്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍  ബീന ജോബി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ്, ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്വാഗതവും കണ്‍വീനര്‍ സി വി വര്‍ഗീസ് നന്ദിയും പറയും. തൊടുപുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.സതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.