സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം: മുഖ്യമന്ത്രി

post

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാട് ഉണ്ടെന്നും മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്തുന്ന ആ നിലപാടില്‍ ഒരു മാറ്റവും വരുത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളാ മാരിടൈം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം തുറമുഖത്ത് 3.90 കോടി രൂപ വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ജല വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്, സ്റ്റോര്‍, മൊബൈല്‍ ക്രെയിന്‍ ഷെല്‍ട്ടര്‍ എന്നിവ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു  മുഖ്യമന്ത്രി. ജില്ലയിലെ മത്സ്യബന്ധന മേഖലയുടെ  സര്‍വ്വതോ•ുഖമായ വികസനത്തിന്  പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം തുറമുഖത്ത് നടന്ന പരിപാടിയില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കൊല്ലത്തെ കശുവണ്ടി വ്യവസായ മേഖലയ്ക്കും  തുറമുഖ വികസനം പ്രയോജനപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. കേരള മാരിടൈം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം, മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്, സ്റ്റോര്‍, മൊബൈല്‍ ക്രെയിന്‍ ഷെല്‍ട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം എന്നിവ മന്ത്രി നിര്‍വഹിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 30 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കൊല്ലം തുറമുഖത്ത് നടപ്പിലാക്കിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം തുറമുഖത്തിന്റെ വികസനം ജില്ലയുടെ സ്വപ്നമാണ്.  തുറമുഖത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് എമിഗ്രേഷന്‍ സംവിധാനം നടപ്പിലാക്കാന്‍  കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാക്കാന്‍  പരിശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മാരിടൈം ബോര്‍ഡ് ഔദ്യോഗിക ടാഗ്ലൈന്‍ മന്ത്രി പ്രകാശനം ചെയ്തു. 'സാധ്യതകളുടെ മുനമ്പ്' (കേപ്പ് ഓഫ് ഓപ്പര്‍ച്യുണിറ്റീസ്) എന്ന ടാഗ് ലൈന്‍ തയ്യാറാക്കിയത് നീണ്ടകര പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ബിനുലാല്‍ ആണ്.

ബേപ്പൂര്‍ തുറമുഖത്തെ സ്ഥിരം ഇലക്ട്രോണിക് ഡേറ്റാ ഇന്റര്‍ഫേസ് സംവിധാനം വികസനത്തിനായി 3.85 ഏക്കര്‍ സ്ഥലമേറ്റെടുക്കല്‍, ആലപ്പുഴയിലെ മാരിടൈം പരിശീലന ഹാള്‍, വിഴിഞ്ഞം തുറമുഖത്തെ ക്രൂ ചേഞ്ച് ടെര്‍മിനല്‍ എന്നീ പദ്ധതികളും മുഖ്യമന്ത്രി ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം മുതല്‍ ബേപ്പൂര്‍ വരെ അഞ്ച് തുറമുഖങ്ങളിലായി 34.17 കോടി രൂപയുടെ വികസനമാണ് നടപ്പിലാക്കിയത്.