റോഡുകള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്ക് പ്രത്യേക ട്രാക്കുകള്‍ ഒരുക്കും; മുഖ്യമന്ത്രി

post

തിരുവനന്തപുരം: സൈക്കിള്‍ സവാരിക്ക് റോഡുകള്‍ക്കൊപ്പം പ്രത്യേക ട്രാക്കുകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തീരദേശ ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇത്തരം ട്രാക്കുകള്‍ പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി 'ചാറ്റ് വിത്ത് സി.എം' പരിപാടിയില്‍ ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം. സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുകയെന്ന് മലിനീകരണം കുറയ്ക്കുന്നതിനും സഹായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലധിഷ്ഠിത കോഴ്സുകള്‍ വലിയ രീതിയില്‍ കൊണ്ടുവരുന്നുണ്ട്. ഒപ്പം സംരംഭകത്വ പരിശീലനത്തിനും സൗകര്യം ഇപ്പോഴുമുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ എല്ലാ മേഖലയിലും വ്യാപിക്കുന്നുണ്ട്. ഇവ ഇനിയും വ്യാപിക്കുക തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഉന്നതവിദ്യാഭ്യാസരംഗത്ത് പല പുതിയ കോഴ്സുകളും വരുന്നുണ്ട്. പല ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും മികവിന്റെ കേന്ദ്രമാകും.

പഠനത്തോടൊപ്പം ജോലി എന്ന ആശയം ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ അത് പ്രാവര്‍ത്തികമായില്ല. ഈ അജണ്ട ഇനിയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. മാധ്യമങ്ങളുമായുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെ ഓഫീസുകളുടെയും ബന്ധം സുഗമമാക്കാനുള്ള നടപടികള്‍ പരിശോധിക്കും.

ടൂറിസം കേന്ദ്രങ്ങളുടെ ശുചിത്വത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. കൂടുതല്‍ ശുചീകരണവും ശുചിമുറി സൗകര്യവും വേണ്ടതുണ്ട്. ടൂറിസം മേഖലകളില്‍ പരമ്പരാഗത ഭക്ഷണസൗകര്യമൊരുക്കണമെന്ന ആശയം പരിഗണിക്കും. കേരള ബ്രാന്റ് എന്നത് നല്ല രീതിയില്‍ ഉയര്‍ത്തിക്കാണിക്കാനാകും.

പ്രളയത്തിനുശേഷം റീബിള്‍ഡ് കേരള പദ്ധതി വഴി കേരളത്തിന്റെയാകെ പുനര്‍നിര്‍മാണത്തിനുള്ള അവസരമാക്കി. എന്നാല്‍ തുടര്‍പ്രളയവും കോവിഡും മൂലമുണ്ടായ തടസ്സങ്ങള്‍ മറികടന്ന് ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തില്‍ മികച്ച അവബോധം ഉയര്‍ത്താനായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്.

മാലിന്യം നിര്‍മാര്‍ജനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച ഇടപെടല്‍ നടത്താനാകുന്നുണ്ട്. ഇതിനുള്ള സംവിധാനം ശാക്തീകരിക്കും.

തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ മികച്ച ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഇതിനായുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ അന്വേഷകരെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്താനാകും. കൂടാതെ, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും സൗകര്യങ്ങളുണ്ട്.

ഓണ്‍ലൈന്‍ പഠനം മികച്ച രീതിയില്‍ നടത്താനായി. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ മികച്ച ഇടപെടലുണ്ടാകും. കൗണ്‍സിലിംഗ് സൗകര്യവും കൗണ്‍സിലര്‍മാരുടെ എണ്ണവും വര്‍ധിപ്പിക്കും. സ്വാശ്രയഫീസ് തോന്നിയപോലെ ഈടാക്കാന്‍ കഴിയാത്തവിധമുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകരെ മുന്നണിപോരാളികളായി കണക്കാക്കി കോവിഡ് വാക്സിന്‍ നല്‍കണമെന്ന ആവശ്യം എങ്ങനെ പരിഗണിക്കാനാകുമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.