മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കേരളത്തിലെ 16 അവശ്യ സര്‍വീസുകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു

post

തിരുവനന്തപുരം: കേരളത്തിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, വോട്ടെടുപ്പിന്റെ കവറേജിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 16 വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കി. വോട്ടെടുപ്പ് ദിവസം ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ സ്വന്തം പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത അവശ്യ സര്‍വീസില്‍പ്പെടുന്നവരെ ആബ്സെന്റീസ് വോട്ടര്‍ വിഭാഗത്തില്‍പ്പെടുത്തി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം 80 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആബസെന്റീസ് വിഭാഗത്തില്‍ ഉള്‍പ്പെടും.

പോസ്റ്റല്‍ ബാലറ്റ് ലഭിക്കുന്ന  മറ്റ് അവശ്യ സര്‍വീസുകള്‍: എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി സര്‍വ്വീസ്, ഫോറസ്റ്റ്, കേന്ദ്ര ഗവ. സ്ഥാപനങ്ങള്‍ (ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ്, ഏവിയേഷന്‍), ആംബുലന്‍സ്, ഏവിയേഷന്‍, ഷിപ്പിങ്.

അവശ്യ സര്‍വീസുകളില്‍പ്പെടുന്നവര്‍ കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നവരായിരിക്കണം. ഏപ്രില്‍ ആറിന് പോളിംഗ് ദിവസം ഡ്യൂട്ടിയിലാണെന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഡ്യൂട്ടി കാരണം തങ്ങളുടെ പോളിംഗ് ബൂത്തില്‍ ഹാജരാകാന്‍ പറ്റാത്തവരായിരിക്കണം. പോസ്റ്റല്‍ ബാലറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആബ്സന്റീസ് വോട്ടര്‍ ഫോം 12ഡിയില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് മാര്‍ച്ച്  17 നകം അപേക്ഷ നല്‍കണം. ഇവരുടെ അപേക്ഷ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍ പരിശോധിക്കേണ്ടതാണ്. പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശപ്രകാരം ചെയ്യേണ്ടതാണ്.