സൂക്ഷ്മപരിശോധന മുതല്‍ ഫലപ്രഖ്യാപനംവരെ എന്‍കോര്‍ എന്ന വെബ് പോര്‍ട്ടലില്‍
പത്തനംതിട്ട: 2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള റിട്ടേണിംഗ് ഓഫീസറുടെ വിവിധ നടപടികള്‍ എന്‍കോര്‍(ENCORE) എന്ന വെബ് പോര്‍ട്ടല്‍ മുഖേനെ കൈകാര്യം ചെയ്യും. എന്‍കോര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എനേബിളിംഗ് കമ്യൂണിക്കേഷന്‍സ് ഓണ്‍ റിയല്‍ ടൈം എന്‍വിയോണ്‍മെന്റ് എന്ന വെബ് പോര്‍ട്ടലാണ് ഇതിനായി ഉപയോഗിക്കുന്നത്.
റിട്ടേണിംഗ് ഓഫീസറുടെ വിവിധ നടപടികള്‍ എന്‍കോര്‍ മുഖേനെ കൈകാര്യം ചെയ്യും. ഓരോ ഘട്ടത്തിലുമുള്ള നടപടി പുരോഗതി സ്ഥാനാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും എന്‍കോറിലൂടെ അറിയാനും കഴിയും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചുവന്നിരുന്ന സുവിധ, ട്രെന്‍ഡ് തുടങ്ങി പല ആപ്ലിക്കേഷന്‍സ് ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് എന്‍കോര്‍ ഉപയോഗിക്കാനാകുക.
അതേസമയം ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍ എന്നിവയ്ക്കും പൊതുയോഗങ്ങള്‍ നടത്തുന്നതിനുമുള്ള അനുമതികള്‍ക്ക് suvidha.eci.gov.in എന്ന വെബ് വിലാസത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷകളില്‍ ഓണ്‍ലൈനായി തുടര്‍നടപടികള്‍ സ്വീകരിക്കുകയും നടപടി വിവരങ്ങള്‍ എസ്.എം.എസ് ആയി ലഭിക്കും. അപ്രാകരം ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യും. ജില്ലാ കളക്ടര്‍, റിട്ടേണിങ് ഓഫീസര്‍, പോലിസ് എന്നിവരില്‍ നിന്നുള്ള അനുമതികള്‍ 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി ലഭിക്കുന്നതും അപേക്ഷയുടെ സ്ഥിതി എസ്.എം.എസ് സന്ദേശമായി ലഭിക്കുന്നതുമാണ്.
സ്ഥാനാര്‍ത്ഥികള്‍ക്ക് suvidha.eci.gov.in എന്ന വെബ് വിലാസത്തില്‍ നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവും ഉണ്ട്. നാമനിര്‍ദ്ദേശ പത്രികകള്‍, അഫിഡവിറ്റുകള്‍ എന്നിവ പൂരിപ്പിച്ച് അവ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള തീയതി, സമയം എന്നിവ തിരഞ്ഞെടുക്കണം. അപ്രകാരം തിരഞ്ഞെടുക്കുന്ന സമയങ്ങളില്‍ അനുമതി ലഭിക്കുന്ന സമയത്ത് നേരില്‍ ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി മാത്രം സമര്‍പ്പിച്ചാല്‍ മതിയാകുന്നതല്ല. നേരില്‍ ഹാജരായി സത്യപ്രതിജ്ഞ ചൊല്ലി റിട്ടേണിങ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം.