വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടാന്‍ കരിയര്‍ ജാലകം
പാലക്കാട് : വിദ്യാര്‍ഥികളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് വഴികാട്ടിയാവുക എന്ന ലക്ഷ്യത്തോടെ എംപ്ലോയ്‌മെന്റ് വകുപ്പ് തയ്യാറാക്കി സംസ്ഥാന സ്‌കില്‍ മിഷന്‍ പ്രസിദ്ധീകരിച്ച 'കരിയര്‍ ജാലകം' വിതരണോദ്ഘാടനം നടന്നു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി കരിയര്‍ ജാലകം ജില്ലാ കലക്ടര്‍ ഡി.ബാലമുരളിക്ക് നല്‍കി പുസ്തകം പ്രകാശനംചെയ്തു.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച അവബോധം നല്‍കണമെന്ന് കരിയര്‍ ജാലകം വിതരണോദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ഭാവി സംബന്ധിച്ച ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിനും പുതിയ കോഴ്‌സുകള്‍,തൊഴില്‍ എന്നിവ തിരഞ്ഞെടുക്കുന്നതിനും ഈ പുസ്തകം ഏറെ പ്രയോജനപ്രദമാണെന്ന് അവര്‍ പറഞ്ഞു. കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ജോലിസാധ്യതകള്‍ക്കൊപ്പം തന്നെ പഠിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരവും പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ പറഞ്ഞു.
നാഷണല്‍ എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് വിഭാഗം സംസ്ഥാന നൈപുണ്യ വികസന മിഷനായ അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ സഹകരണത്തോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുള്ള ഹൈസ്‌കൂളുകള്‍ക്കും, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും കരിയര്‍ ജാലകം വിതരണം ചെയ്യും. പത്താം ക്ലാസിനു ശേഷം പഠിക്കേണ്ട കോഴ്‌സുകള്‍, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ചും സംസ്ഥാനത്തെ മുഴുവന്‍ എംപ്ലോയ്‌മെന്റുകളുടെ വിശദാംശങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.