രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണം

post

ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറ്റ് പാര്‍ട്ടി നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ, പൊതുജീവിതവുമായി ബന്ധപ്പെടാത്ത , അവരുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ നിന്ന് പൂര്‍ണമായി വിട്ട് നില്‍ക്കണമെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിഷ്‌കര്‍ഷിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുന്നതിനാല്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പെരുമാറ്റച്ചട്ടലംഘനത്തിന് നടപടിയെടുക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുതോ നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ഏര്‍പ്പെടരുത്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നടത്തുമ്പോള്‍ അതവരുടെ നയങ്ങളിലും പരിപാടികളിലും, പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി ഒതുക്കി നിര്‍ത്തണം. അടിസ്ഥാനരഹിതമായോ വളച്ചൊടിച്ചതോ ആയ ആരോപണം ഉന്നയിച്ചു മറ്റ് പാര്‍ട്ടികളെയും അവയിലെ പ്രവര്‍ത്തകരെയും വിമര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും പൊതു നിര്‍ദേശത്തില്‍ പറയുന്നു.

ജാതിയുടെ പേരിലും സമുദായത്തിന്റെ പേരിലും വോട്ടു ചോദിക്കരുത്. മുസ്ലീം പള്ളികള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, മറ്റാരാധന സ്ഥലങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയാക്കരുത്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, സമ്മതിദായകരെ ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ വോട്ടു പിടിക്കുക, പോള്‍ അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിനു തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും പോളിങ് സ്റ്റേഷനില്‍ നിന്നും സമ്മദിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങി തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റങ്ങളും അഴിമതി പ്രവര്‍ത്തനങ്ങളും എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഒഴിവാക്കേണ്ടതാണ്.

ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എത്ര തന്നെ വെറുപ്പുണ്ടായിരുന്നാലും സമാധാനപരമായും അലട്ടലില്ലാതെയും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടിനു മുമ്പില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റുചെയ്യുക, തുടങ്ങിയവ ഒരു പരിതഃസ്ഥിതിയിലും അവലംബിക്കരുത്.

ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവയില്‍ അയാളുടെ അനുവാദമില്ലാതെ കൊടിമരം നാട്ടുതിനോ, ബാനറുകള്‍ കെട്ടുന്നതിനോ പരസ്യമൊട്ടിക്കുതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കുന്നതിന് രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ഥികളോ അവരുടെ അനുയായികളെ അനുവദിക്കരുത്.

മറ്റു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളെയോ ജാഥകളെയോ തങ്ങളുടെ അനുയായികള്‍ തടസപ്പെടുത്തുകയോ അവയില്‍ ഛിദ്രമുണ്ടാക്കുകയോ ചെയ്യില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പു വരുത്തണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ പാര്‍ട്ടികളുടെ ലഘുലേഖകള്‍ വിതരണം ചെയ്തോ നേരിട്ടോ രേഖാമൂലമായോ ചോദ്യങ്ങള്‍ ഉന്നയിച്ചോ മറ്റൊരു രാഷ്ട്രീയപാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഒരു പാര്‍ട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ക്കൂടി മറ്റൊരു പാര്‍ട്ടി ജാഥ നടത്തരുത്. ഒരു പാര്‍ട്ടി ഒട്ടിച്ചിട്ടുള്ള ചുവര്‍പരസ്യങ്ങള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുതെന്നും പൊതു പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.