തിരഞ്ഞെടുപ്പ് 2021 : തയ്യാറെടുപ്പുകള്‍ വിലയിരുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി

post

കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി അരവിന്ദ് ആനന്ദ് ജില്ലയില്‍. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍  കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറുമായി കൂടിക്കാഴ്ച നടത്തിയാണ് ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തിയത്.

തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ കൃത്യമായി പുരോഗിക്കുകയാണെന്ന് കലക്ടര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടരുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍. തിരഞ്ഞെടുപ്പ് ജോലികള്‍ക്കായുള്ള ഉദ്യോഗസ്ഥ വിന്യാസത്തിനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. സ്വീപ് മുഖാന്തിരം ബോധവത്കരണം നടത്തി പരമാവധി വോട്ടര്‍മാരെ ബൂത്തിലേക്ക് എത്തിക്കാനാകും. സുരക്ഷാക്രമീകരണങ്ങളും കുറ്റമറ്റ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങള്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയിലൂടെ വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പൂര്‍ണമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എം.സി.സി. വഴിയാണ് പ്രവര്‍ത്തനങ്ങള്‍. നാട്ടിലാകെ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും പോസ്റ്റര്‍ബാനര്‍ തുടങ്ങിയവയും നീക്കം ചെയ്തു കഴിഞ്ഞു. ഇവയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ക്ക് സത്വര പരിഹാരം കാണുകയുമാണ്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും കലക്ടര്‍ വിശദീകരിച്ചു.

പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടറി അരവിന്ദ് ആനന്ദ് സംതൃപ്തി പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി. എസ്. അനില്‍, സൂപ്രണ്ട് അജിത്ത് ജോയി എന്നിവരും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.