നിയമസഭ തിരഞ്ഞെടുപ്പ്:'പോള്‍ ഡേ പ്ലാന്‍' തയ്യാറാക്കണം

post

ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി 'പോള്‍ ഡേ പ്ലാന്‍' തയ്യാറാക്കാന്‍ വരണാധികാരികളോട് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ദിനം പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വരണാധികാരികള്‍ പദ്ധതി തയ്യാറാക്കണം. പോളിംഗ് ദിവസവും തലേദിവസവും പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍, ബൂത്ത് സജ്ജീകരണങ്ങള്‍ എന്നിവയുള്‍പ്പെടെ പോള്‍ ഡേ പ്ലാനില്‍ ഉണ്ടായിരിക്കണം.

പോളിംഗ് ബൂത്തുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ചു നല്‍കിയിട്ടുള്ള പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ മെഡിക്കല്‍ സംഘവുമായി നേരിട്ടെത്തി പരിശോധിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള 12ഡി അപേക്ഷ ഫോം മാര്‍ച്ച് 12 മുതല്‍ വിതരണം ചെയ്യാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പ് നല്‍കുന്ന ലിസ്റ്റ് പ്രകാരമാകും അപേക്ഷ വിതരണം ചെയ്യുക. മാര്‍ച്ച് എട്ട് മുതല്‍ 17 വരെയുള്ള ലിസ്റ്റ് പ്രകാരമാണ് ഫോം വിതരണം.

പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍, പോളിംഗ് ബൂത്ത് എന്നിവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ്സ് 12ന് ആരംഭിക്കും. രാവിലെയും വൈകിട്ടുമായി മൂന്ന് ബാച്ചുകളായി തിരിച്ച് ആറ് ക്ലാസുകള്‍ നല്‍കും. കോവിഡ് പ്രതിരോധത്തിനായി മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രത്യേകം ക്ലാസ്സും സജ്ജമാക്കിയിട്ടുണ്ട്. അധികമായി സജ്ജീകരിച്ചിട്ടുള്ള 938 പോളിങ് ബൂത്തുകളിലേക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബി.എല്‍.ഒ) നിയമിക്കും. ഈ ബൂത്തുകളും പൂര്‍ണ സജ്ജമായിരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

നാമനിര്‍ദേശ പത്രികക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഇന്നോടെ (മാര്‍ച്ച് 10) പൂര്‍ത്തിയാക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. പത്രിക സ്വീകരണ കേന്ദ്രങ്ങളില്‍ അണു നശീകരണം നടത്തണം. തിരഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തിലും തെര്‍മല്‍ സ്‌കാന്‍ ഉപയോഗിക്കാന്‍ രണ്ട് വോളണ്ടിയര്‍മാര്‍, ക്യു നിയന്ത്രിക്കാന്‍ ഒരാള്‍, ഹെല്‍പ് ഡെസ്‌കില്‍ ഒരു ബി.എല്‍.ഒ എന്നിങ്ങനെ വിന്യസിക്കും. ഓരോ പോളിംഗ് ബൂത്തിലും 50% വെബ്കാസ്റ്റിംഗ് ഉണ്ടാകും. ഇതിനായി പ്രത്യേക മുറി സജ്ജീകരിക്കണം. രണ്ട് സൂപ്പര്‍വൈസര്‍മാരെ വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിനായി ചുമതലപ്പെടുത്തണം.