ചിലവ് നിരീക്ഷണം കാര്യക്ഷമമെന്ന് ജില്ലാ കലക്ടര്‍

post

തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകര്‍ ജില്ലയില്‍

കൊല്ലം : ജില്ലയില്‍ തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണത്തിനുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ ചിലവാക്കുന്ന തുക തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിധേയമാണോ എന്ന് നിരീക്ഷിക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് ചിലവു സംബന്ധിച്ച് വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് ചിലവ് വിഭാഗം നിരീക്ഷകരായ ഷിബങ്കദാസ് ബിശ്വാസ്, അക്തര്‍ ഹുസൈന്‍ അന്‍സാരി, ഉമാകാന്ത് ദ്രുപതി എന്നിവരുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ രാഷ്ട്രീയകക്ഷികളും വിവിധ മേഖലകളില്‍ പ്രചരണാര്‍ഥം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണോ എന്ന് പരിശോധിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തി. പ്രചാരണ സാമഗ്രികളുടെ എണ്ണം, ഇനം, തയ്യാറാക്കിയ കേന്ദ്രം എന്നിവയെക്കുറിച്ച് രേഖാമൂലം വിവരം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവയെല്ലാം ആവശ്യമായ അനുമതിയോടെ ഹരിതചട്ടം കൂടി പാലിച്ചാണ് തയ്യാറാക്കുന്നത് എന്നും പരിശോധിക്കുകയാണ്. അനധികൃതമായി പണം വ്യവഹാരം ചെയ്യപ്പെടുന്നുണ്ടോ എന്നും നിരീക്ഷിക്കുന്നുണ്ട്-കലക്ടര്‍ വിശദീകരിച്ചു.

ചിലവ് നിരീക്ഷണത്തിനായി കരുനാഗപ്പള്ളി, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ ആര്‍. ലാലു, വി. എസ്. പ്രശാന്ത്; കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, ചടയമംഗലം -സുനില്‍ വര്‍ഗീസ്, അരുണ്‍; കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍-ആര്‍. ബൈജു ചന്ദ്രന്‍, മണികണ്ഠന്‍ പിള്ള എന്നിവരെയാണ് കേന്ദ്ര നിരീക്ഷകരെ സഹായിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.

കലക്ടറുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി. എസ്. അനില്‍, സൂപ്രണ്ട് അജിത്ത് ജോയി, ഫിനാന്‍സ് ഓഫീസര്‍ ജി. ആര്‍. ശ്രീജ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു