തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്ത ഓഫീസുകളിലെ മേധാവികൾ നേരിട്ടെത്തി വിവരം നൽകണം

post

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിക്കാത്ത മുഴുവൻ സർക്കാർ, അർദ്ധ- സർക്കാർ, പൊതുമേഖല ഓഫീസ് മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങൾ സഹിതം ജില്ലാ കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽ മാർച്ച് 15ന് ഉച്ചക്ക് ശേഷം മൂന്നു മണിക്ക് മുൻപായി നേരിട്ടെത്തി ഇലക്ഷൻ വിഭാഗത്തിൽ നിന്നും ലഭിക്കുന്ന പ്രോഫോമയിൽ  വിവരങ്ങൾ പൂരിപ്പിച്ച് നൽകണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.  ഹാജരാകാത്ത മുഴുവൻ ഓഫീസ് മേധാവികൾക്കുമെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടർ അറിയിച്ചു.

പരിശീലനത്തിനു നിർദ്ദേശിക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരും അതതു പരിശീലന കേന്ദ്രത്തിൽ കൃത്യ സമയത്തു എത്തണമെന്നും അനുവാദം ലഭിച്ച 6 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളുടെ മുലയൂട്ടുന്ന അമ്മമാർ, വ്യക്തമായ ആരോഗ്യകാരണങ്ങളാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് അംഗീകരിച്ചു ഒഴിവു കിട്ടിയവർ,  കമ്മീഷൻ അംഗീകരിച്ചവർ എന്നിവരെ  മാത്രമേ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുകയുള്ളൂ. പ്രഥമ അധ്യാപകർക്കോ പ്രത്യേകം ഉദ്യോഗസ്ഥർക്കോ പ്രത്യേക ഇളവുകൾ ഇല്ല. കാരണങ്ങൾ ഇല്ലാതെയും തെറ്റായി വിവരങ്ങൾ നൽകിയും ഡ്യൂട്ടിയിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരിലും അതിനു സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരിലും കർശന നടപടി സ്വീകരിക്കുന്നതാണ്. മാർച്ച് 10 നു മുൻപ് ഉദ്യോഗസ്ഥ ലിസ്റ്റ് ലഭ്യമാക്കാതിരുന്നസ്ഥാപന മേധാവികൾക്കും  ഉദ്യോഗസ്ഥർക്കും എതിരിൽ ജനപ്രാതിനിധ്യ നിയമം 1951 പ്രകാരമുള്ള അച്ചടക്ക/ശിക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നും ജില്ലാ കളക്ടർ അറിയിച്ചു. ഡാറ്റാ എൻട്രിയിൽ ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കും.