വികസന വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതികമുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തണം: മുഖ്യമന്ത്രി

post

ഇന്നവേഷന്‍ ദിനത്തിന്റെയും കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികളെ നേരിടാന്‍ നാട് സജ്ജമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ കൗണ്‍സിലിന്റെ (കെഡിസ്‌ക്) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള ഇന്നവേഷന്‍ ദിനത്തിന്റെയും കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യത്തിന്റെയും ഉദ്ഘാടനവും കേരള ഫുഡ് പ്ലാറ്റ്‌ഫോം മൊബൈല്‍ ആപ്പിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി മുന്നോട്ടുപോകാനും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്നതിനും ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനാകണം.

ലോകമാകെ വൈജ്ഞാനിക, സാങ്കേതിക മേഖലയിലുണ്ടാകുന്ന വന്‍മുന്നേറ്റം തൊഴില്‍മേഖലയില്‍ തന്നെ വന്‍ മാറ്റമാണുണ്ടാക്കുന്നത്. വ്യവസായ, സേവന മേഖലകളില്‍ ഇതുവഴി നവീകരണമാണുണ്ടാകുന്നത്. ആധുനിക സാങ്കേതിക മേഖലകളിലുള്ള അറിവിനെയും പ്രയോഗശേഷിയെയും അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ് വ്യവസ്ഥയാണ് നാളത്തെ ലോകത്തെ നിയന്ത്രിക്കുക. ഇനി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലെ മികവ് മാത്രം പോര, നിര്‍മിത ബുദ്ധിയാല്‍ നിയന്ത്രിക്കപ്പെടുന്ന വിവിധതരം ഡിജിറ്റല്‍ മെഷീനുകളുടെയും റോബോട്ടുകളുടെയും രൂപകല്‍പനയും വികസനവുമാണ് പുതിയ ലോകം ആവശ്യപ്പെടുന്നത്. വിവരശേഖരങ്ങളുടെ വിശകലനം, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ്, ബ്‌ളോക്ക് ചെയിന്‍ തുടങ്ങിയ ആധുനിക മേഖലകളിലുള്ള ഗവേഷണവും ഉപയോഗവുമൊക്കെ ഇതിനാവശ്യമാണ്.

ഉന്നതനിലവാരം പുലര്‍ത്തുന്ന മാനവവിഭവം നല്‍കാനാവുന്ന പ്രദേശങ്ങളായിരിക്കും ഇനിയുള്ള കാലം ഏറ്റവും വളര്‍ച്ചയും വികസനവും നേടുന്നത്. അഭ്യസ്തവിദ്യര്‍ ഏറെയുള്ള നമ്മുടെ നാടിന് മനസുവെച്ചാല്‍ ഇക്കാര്യത്തില്‍ വലിയനേട്ടമുണ്ടാക്കാനാകും.  ഇതു മനസിലാക്കിക്കൊണ്ട് ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ കേരളത്തിന് അനുകൂലമാക്കാനാണ് ശ്രമം. അതിനുകഴിയുന്ന വികസന ആസൂത്രണമാണ് വൈജ്ഞാനിക സമിതിയായ കെഡിസ്‌കിലൂടെ നടപ്പാക്കുന്നത്.

ഈ മേഖലയില്‍ 15 ഓളം സാധ്യതകള്‍ കണ്ടെത്തുകയും അവയുടെ നിര്‍വഹണത്തിനായി കാര്യക്ഷമതയുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കണ്ടെത്തി പൈലറ്റ് പ്രോജക്ടുകള്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.  കേരളത്തിന്റെ ഭരണ സംവിധാനം തന്നെ നവീകരിക്കുന്ന പ്രവര്‍ത്തനമാണിത്. ഇത്ര വിപുലമായ തോതില്‍ നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടോ എന്നകാര്യം സംശയമാണ്.

സര്‍ക്കാരിന്റെ ഭരണനിര്‍വഹണപ്രവര്‍ത്തനങ്ങളെ പൂര്‍ണമായി നവീകരിക്കുന്ന ഈ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുകയാണ് ടെക്‌നോളജി ഇന്നവേഷന്‍ ചാമ്പ്യന്‍ 2020 അവാര്‍ഡിലൂടെ നാം ലക്ഷ്യമാക്കുന്നത്. ഇത് വരും വര്‍ഷങ്ങളിലും തുടരും. ഇതിലൂടെ മികച്ച നൂതനാശയങ്ങള്‍ നടപ്പാക്കാന്‍ തയാറാകുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അതിനായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും അവാര്‍ഡുകള്‍ നല്‍കും.

നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യാ രംഗത്ത് ഭാവനാപൂര്‍ണമായ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കാന്‍ ഒട്ടേറെ നടപടികളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് നമ്മുടെ സംസ്ഥാനത്തിലുള്ളത്. ഈ നൂതനാശയങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സര്‍ക്കാര്‍ വകുപ്പുകളുടെ മികവ് ഉയര്‍ത്തലുമായി സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെടുത്തുന്നതിന് കെഡിസ്‌കിന് കഴിഞ്ഞിട്ടുണ്ട്.

പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യത്തിലൂടെ പൊതുജനാരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ വേഗതയിലുള്ള വികസന ഗവേഷണങ്ങളും ചലനാത്കമായ സംരംഭക വികസനവും സാധ്യമാകും. കാര്‍ഷികോത്പാദന രംഗത്ത് സുശക്തമായ വിപണിബന്ധം ഉണ്ടാക്കാന്‍ പുതുതായി ആരംഭിക്കുന്ന 'കേരള ഫുഡ് പ്ലാറ്റ്‌ഫോം' എന്ന പദ്ധതിയും ആപ്പും സഹായിക്കും. കാര്‍ഷികമേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ മൂല്യവര്‍ധനവിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നടത്തുന്ന സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് ഈ പ്ലാറ്റ്‌ഫോം മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളും എളുപ്പത്തിലുള്ള രോഗനിര്‍ണയവും ചികിത്സാ ഗവേഷണവുമാണ് കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യരംഗത്ത് നിരവധി ഒന്നാം സ്ഥാനങ്ങള്‍ നമുക്കുണ്ട്. ഇതു നിലനിര്‍ത്താനും നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ചികിത്സ നല്‍കുന്നതിനും നമുക്ക് കഴിയണം. കേരളത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഗവേഷണങ്ങളും ഉപകരണങ്ങളുമായി രൂപപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു. 

പരിപാടിയോടനുബന്ധിച്ച് കെഡിസ്‌കിന്റെ നേതൃത്വത്തില്‍ നടത്തുന്ന  പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സാങ്കേതിക സെഷനുകളും നടത്തി.