പരുന്താട്ടം നാട്ടുഗദ്ദിക വോട്ടു വണ്ടി പ്രയാണം തുടങ്ങി

post

വയനാട് : എന്റെ നാടിന് എന്റെ വോട്ട്, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്നീ സന്ദേശങ്ങളുമായി വോട്ട് വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. നാടന്‍പാട്ടുകളും പരുന്താട്ടവും ഗദ്ദികയും കോര്‍ത്തിണക്കിയാണ് വോട്ടു വണ്ടിയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള പ്രയാണം. ജനാധിപത്യ പ്രക്രിയയില്‍ നാടിനെയൊന്നാകെ ഭാഗമാക്കാനുള്ള സന്ദേശ പ്രചാരണമാണ് വോട്ടുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്.

എല്ലാവരും വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി പ്രയാണമാരംഭിച്ച വോട്ടു വണ്ടി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഫ്ലാഗ് ഓഫ് ചെയതു. ചെണ്ടകൊട്ടിയും ഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം ചുവടുകള്‍വെച്ചും സ്വീപ്പ് പ്രചാരണ പ്രക്രിയയില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയും പങ്ക് ചേര്‍ന്നു. സുതാര്യമായും സുരക്ഷിതമായും നിര്‍വ്വഹിക്കപ്പെടുന്ന ജനാധി പത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പില്‍ ഏവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മാതൃക പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ സി വിജില്‍ ആപ്പിന്റെ സേവനവും ഉപയോഗപ്പെടുത്തണം.  വരും ദിവസങ്ങ ളില്‍ കൂടുതല്‍ കലാകാരന്‍മാരും സാമൂഹ്യ പ്രവര്‍ത്തകരും വോട്ട് വണ്ടിയോടൊപ്പം അണിചേരുമെന്നും അവര്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമ്മതിദാനവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കാനും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിന്‍, വിവിപാറ്റ് സംവിധാനം, വോട്ട് ചെയ്യേണ്ട വിധം എന്നിവ പരിചയപ്പെടുത്താനുമാണ് വോട്ടു വണ്ടി നിരത്തിലിറങ്ങിയത്. പൊതുജന ങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വണ്ടിയില്‍ കയറി വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടാം. മോക് പോളിംഗ് നടത്തുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വോട്ടിംഗ് ബോധവത്ക്കരണത്തിനായുളള സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യു ക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രചാരണ പരിപാടിയുടെ ഭാഗമായി കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍, പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് സുഭദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.