നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ഥികളുടെ സൈക്കള്‍ റാലി

post

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വിളംബരം ചെയ്ത് സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാര്‍ഥികളുടെ സൈക്കള്‍ റാലി ശ്രദ്ധേയമായി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് പളളി അങ്കണത്തില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഫ്ളാഗ്ഓഫ് ചെയ്തു.

വോട്ടര്‍മാര്‍ക്കിടയില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതില്‍ സ്വീപ് കാര്യക്ഷമമായ ഇടപെടലാണു നടത്തുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രചാരകരാകുന്നതില്‍ വലിയ സന്തോഷമുണ്ട്. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ സ്വീപ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിയുന്നത്ര വോട്ടര്‍മാരെ അവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ബോധവാന്‍മാരാക്കുകയാണ് സ്വീപിന്റെ ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വോട്ട് ചെയ്യൂ ജനാധിപത്യം സംരക്ഷിക്കൂ, എന്റെ വോട്ട് എന്റെ ഉത്തരവാദിത്വം, എന്റെ വോട്ട് എന്റെ ശബ്ദം തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് ആറന്മുള, കോന്നി നിയമസഭാ മണ്ഡലങ്ങളിലെ വിവിധ സ്‌കൂളുകളിലെ 30 വിദ്യാര്‍ഥികള്‍ സൈക്കള്‍ റാലിയില്‍ പങ്കെടുത്തത്. സൈക്കിള്‍ റാലി സെന്റ് പീറ്റേഴ്‌സ് പളളി അങ്കണത്തില്‍ നിന്നും ആരംഭിച്ച് റിങ് റോഡ് വഴി മേലേവെട്ടിപ്പുറം - താഴേവെട്ടിപ്പുറം വഴി അബാന്‍ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി സെന്റ് പീറ്റേഴ്‌സ് പളളി അങ്കണത്തില്‍ സമാപിച്ചു.