പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യബോധമുള്ളവയെന്ന് പ്രത്യേക നിരീക്ഷകന്‍

post

നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നു; ജില്ലാ കലക്ടര്‍

കൊല്ലം: സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ സുശക്ത നടപടികള്‍ കൈക്കൊണ്ടതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് ചിലവ് പ്രത്യേക നിരീക്ഷകന്‍ പുഷ്പിന്ദര്‍ സിംഗ് പുനിയയുടെ സാന്നിധ്യത്തില്‍ നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സമ്പത്തിന്റെ സ്വാധീനത്തില്‍ ഒരു സ്ഥാനാര്‍ഥി പോലും മേല്‍ക്കൈ നേടരുതെന്ന് ഉറപ്പാക്കിയാണ് ചിലവ് നിരീക്ഷണം നടത്തുന്നത്. ദേശസാത്കൃത-സഹകരണ മേഖലാ ബാങ്കുകളിലെ ഇടപാടുകള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടു         മാസത്തിനുള്ളില്‍ നടത്തിയ വന്‍ തുകകളുടെ ഉറവിടം മറ്റു വിവരങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുതലപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള ചിലവ് പരിധി പാലിക്കുന്നുവെന്ന്   ഉറപ്പാക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തി. പരസ്യങ്ങളായും മറ്റു               മാധ്യമങ്ങളിലൂടെയും നടത്തുന്ന വിവിധ തലത്തിലുള്ള പ്രചാരണത്തിന്റെ ചിലവും പരിശോധിക്കുന്നുണ്ട്. സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമുകള്‍ പരിശോധന കൂടുതല്‍ ഊര്‍ജ്ജിതമാക്കി. പ്രശ്നബാധിതമെന്ന് വിവരം ലഭിച്ച മണ്ഡലങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി. സംശയകരമായി തോന്നുന്ന എല്ലാ ഇടപാടുകളും പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കി. കോര്‍പറേറ്റ് ബാങ്ക് ഇടപാടുകള്‍ നിരീക്ഷിക്കാന്‍ സഹകരണ ജോയിന്റ് രജിസ്ട്രാറെയാണ് ചുമതലപ്പെടുത്തിയത്.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മദ്യത്തിന്റെ അനധികൃത വ്യാപനം തടയുന്നതിന് പൊലീസ്-എക്സൈസ് സംയുക്ത പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ ഇത്തരം പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.    ഇതുവരെ നടത്തിയ പരിശോധനകള്‍ അടിസ്ഥാനമാക്കി കേസുകളും എടുത്തിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ചട്ടത്തിന് അനുസൃമായി മാത്രം പണമിടപാടുകള്‍ നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യബോധമുള്ളവയെന്ന് പ്രത്യേക നിരീക്ഷകന്‍ വിലയിരുത്തി.