നിയമസഭാ തെരഞ്ഞടുപ്പ്: നിരീക്ഷകന്‍ ആവശ്യപ്പെട്ടാല്‍ ചെലവ് കണക്ക് ഹാജരാക്കണം

post

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് ചെലവ് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും അതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതു മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സ്ഥാനാര്‍ഥികളുടെ ദൈനംദിന കണക്കുകള്‍ പരിശോധിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിനും ചെലവ് നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, അച്ചടിച്ച നോട്ടീസുകള്‍, ചുവര്‍ പരസ്യങ്ങള്‍, ബാനറുകള്‍, കമാനങ്ങള്‍, നടത്തിയ യോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ചെലവ് നിരീക്ഷകന്‍ പരിശോധന നടത്തും. ചെലവ്് നിരീക്ഷകന്‍ ആവശ്യപ്പെടുമ്പോള്‍ അതുവരെയുള്ളള കണക്കുകള്‍ സ്ഥാനാര്‍ഥിയോ ഏജന്റോ ഹാജരാക്കണം.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏതു തീയതിയിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, കമ്മീഷന്‍ നിയമിക്കുന്ന തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ എന്നിവര്‍ക്ക് കണക്കുകള്‍ പരിശോധിക്കാവുന്നതും പരിശോധിച്ച കാര്യം കണക്കു സൂക്ഷിക്കുന്ന ഫോറത്തില്‍ തന്നെ രേഖപ്പെടുത്താവുന്നതുമാണ്. അതിനുവേണ്ടി സ്ഥാനാര്‍ഥിയോ ഏജന്റോ കണക്കുകള്‍ ഹാജരാക്കേണ്ടതുമാണ്.

30.8 ലക്ഷം രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന ഏറ്റവും കൂടിയ തുക. സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട തീയതിക്കും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ടു തീയതികളും ഉള്‍പ്പെടെ) ഇടയ്ക്ക്, സ്ഥാനാര്‍ഥിയോ, സ്ഥാനാര്‍ഥിയുടെ ഏജന്റോ സ്ഥാനാര്‍ഥിക്കു വേണ്ടി മറ്റാരെങ്കിലുമോ തെരഞ്ഞെടുപ്പിനുവേണ്ടി ചെലവാക്കാവുന്ന പരമാവധി തുകയാണിത്. ചെലവ് ചെയ്ത തീയതി അല്ലെങ്കില്‍ ചെലവ് ചെയ്യാന്‍ അധികാരപ്പെടുത്തിയ തീയതി, ചെലവിന്റെ സ്വഭാവം അതായത് യാത്ര, തപാല്‍, അച്ചടി, ചുവരെഴുത്ത്, ചുവര്‍ പരസ്യം, ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍, നോട്ടീസ്, ബാനര്‍, കമാനങ്ങള്‍, ഉച്ചഭാഷിണി, യോഗം, വാഹന വാടക തുടങ്ങിയവ ഏതെന്ന് വ്യക്തമാക്കണം. ചെലവു തുക ഓരോ ഇനത്തിനും പ്രത്യേകം കാണിച്ചിരിക്കണം. അതില്‍ രൊക്കം കൊടുത്ത തുകയും, ബാക്കി കൊടുക്കാനുള്ള തുകയും വേര്‍തിരിച്ച് കാണിക്കണം. പണം കൊടുത്ത തീയതി, പണം കൈപ്പറ്റിയ ആളിന്റെ പേരും പൂര്‍ണ മേല്‍വിലാസവും, പണം കൊടുത്ത സംഗതിയില്‍ വൗച്ചറുകളുടെ ക്രമ നമ്പര്‍, കൊടുക്കാനുള്ള തുകയുടെ സംഗതിയില്‍ ബില്ലുകളുടെ ക്രമ നമ്പര്‍, പണം കൊടുക്കാനുള്ള വ്യക്തിയുടെ പേരും പൂര്‍ണ മേല്‍വിലാസവും എന്നിവയും രേഖപ്പെടുത്തണം.  വൗച്ചര്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെലവുകള്‍ ഒഴികെയുള്ള മറ്റ് എല്ലാ ചെലവുകള്‍ക്കും വൗച്ചര്‍ നിര്‍ബന്ധമായും വാങ്ങിയിരിക്കണം.  

തുക ഒടുക്കിയ തീയതിയനുസരിച്ച് വൗച്ചര്‍ അടുക്കുകയും ക്രമ നമ്പര്‍ ഇടുകയും ചെയ്യണം.  നോട്ടീസ്, ചുവര്‍ പരസ്യം, കമാനങ്ങള്‍, ബാനറുകള്‍ തുടങ്ങിയവയുടെ മൊത്തം എണ്ണവും കാണിച്ചിരിക്കണം. നിശ്ചിത ഫോറത്തില്‍ വേണം കണക്കുകള്‍ എഴുതി സൂക്ഷിക്കാന്‍. ഫോറം വരണാധികാരിയില്‍ നിന്നും ലഭിക്കും.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തീയതി മുതല്‍ 30 ദിവത്തിനകം കണക്ക് സമര്‍പ്പിച്ചിരിക്കണം.  കണക്കിനോടൊപ്പം രസീത്, വൗച്ചര്‍, ബില്ല് തുടങ്ങിയവയുടെ പകര്‍പ്പ് നല്‍കണം. ഒറിജിനല്‍ ബില്ലുകള്‍ സ്ഥാനാര്‍ഥി തന്നെ സൂക്ഷിക്കണം. ആവശ്യപ്പെടുന്ന മുറയ്ക്ക് അവ ഹാജരാക്കേണ്ടതാണ്.

ഒരു സ്ഥാനാര്‍ഥിക്കുവേണ്ടി സ്ഥാനാര്‍ഥിയുടെ ഗുണകാംക്ഷികളോ, രാഷ്ട്രീയ പാര്‍ട്ടികളോ ചെലവാക്കുന്ന തുക സംബന്ധിച്ച് ഏത് കാര്യത്തിന് ആര് ചെലവാക്കിയെന്നും മറ്റുമുള്ള വിശദ വിവരങ്ങള്‍ രേഖാമൂലം ഉടനെ തന്നെ വരണാധികാരിയെ അറിയിച്ചിരിക്കണം.  ചെലവുചെയ്ത ആളോ പാര്‍ട്ടിയോ ചെലവു ചെയ്ത തുക സംബന്ധിച്ച് എന്തിനുവേണ്ടി എന്നു ചെലവാക്കിയെന്നത് സംബന്ധിച്ചും വിശദമായ വിവരങ്ങള്‍ സ്ഥാനാര്‍ഥി സൂക്ഷിച്ചു വെക്കേണ്ടതാണ്. തര്‍ക്കമുണ്ടായാല്‍ അവ ആവശ്യപ്പെടുന്ന അധികാരി മുമ്പാകെ ഹാജരാക്കുകയും വേണം.  അല്ലാത്തപക്ഷം ആ ചെലവുകള്‍ സ്ഥാനാര്‍ഥിയുടെ ചെലവായി കണക്കാക്കുന്നതാണ്. നിയമവിരുദ്ധമായ ചെലവുകള്‍ സംബന്ധിച്ച് ലഭിക്കുന്ന എല്ലാ പരാതികളും ചെലവ് നിരീക്ഷകന്‍ അന്വേഷിക്കും. കൃത്യമായി കണക്ക് ഹാജരാക്കാതിരിക്കുകയോ തെറ്റായ കണക്ക് നല്‍കുകയോ ചെയ്താല്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.