പൊതുതെരഞ്ഞെടുപ്പ്: ജില്ലയില്‍ 28543 ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന് തുടക്കം

post

മലപ്പുറം: തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെ 69 കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് ചുമതലകളിലുള്ള 28543 ഉദ്യോഗസ്ഥര്‍ക്ക് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് അഞ്ചു വരെ രണ്ട് സെഷനുകളിലായാണ് പരിശീലനം. ഓരോ സെഷനിലും 40 മുതല്‍ 48 വരെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുണ്ടാകും. പോളിംഗ് നടപടിക്രമങ്ങള്‍, വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനം, ഹരിത-കോവിഡ് പ്രോട്ടോകോള്‍, പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ അവബോധമുണ്ടാക്കുന്നതിനായാണ് പരിശീലനം നല്‍കുന്നത്. ഓരോ നിയോജകമണ്ഡലത്തിലും മാസ്റ്റര്‍ ട്രെയിനേഴ്‌സിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ലോക്‌സഭ ഉപതെരഞ്ഞെടുപ്പു കൂടി നടക്കുന്ന സ്ഥലങ്ങളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് പുറമെ അഞ്ച് പോളിംഗ് ഓഫീസര്‍മാര്‍ക്ക് കൂടി പരിശീലനം നല്‍കും. മറ്റിടങ്ങളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം. ഇതിന് പുറമെ മൈക്രോ ഒബ്‌സര്‍വര്‍മാര്‍, പോള്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 1005 ജീവനക്കാര്‍ക്ക് മാര്‍ച്ച് 25ന് പ്രത്യേക ഏകദിന പരിശീലനവും നല്‍കും. തെരഞ്ഞെടുപ്പ് ജോലികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കീഴില്‍ ഓരോ മണ്ഡലത്തിലും ആറ് വീതം മാസ്റ്റര്‍ ട്രെയിനേഴ്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഒന്നാം പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് മാര്‍ച്ച് 13 മുതല്‍ ഒന്നാംഘട്ട പരിശീലനം നല്‍കിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസമായ ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടിന് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടാകുമെന്ന് ജില്ലാ നോഡല്‍ ഓഫീസറായ റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ സജി എഫ് മെന്‍ഡിസ് പറഞ്ഞു. കൊണ്ടോട്ടി-2210, ഏറനാട്-1253, നിലമ്പൂര്‍-1594, വണ്ടൂര്‍-1613, മഞ്ചേരി-2189, പെരിന്തല്‍മണ്ണ-2268, മങ്കട-2383, മലപ്പുറം-2225, വേങ്ങര-2009, വള്ളിക്കുന്ന്-2146, തിരൂരങ്ങാടി- 1435, താനൂര്‍-1344, തിരൂര്‍- 1570, കോട്ടക്കല്‍-1507, തവനൂര്‍- 1402, പൊന്നാനി-1397 എന്നിങ്ങനെയാണ് ജില്ലയില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം.