വെഹിക്കിള്‍ മൗണ്ടഡ് കാമറകളുമായി ജില്ലയിലെ പോലീസ് വാഹനങ്ങള്‍

post

പത്തനതിട്ട: ജില്ലയിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടേത് ഉള്‍പ്പെടെയുള്ള എല്ലാ പോലീസ് വാഹനങ്ങളിലും വെഹിക്കിള്‍ മൗണ്ടഡ് കാമറകള്‍ ഘടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിച്ചു. ജില്ലാ പോലീസ് മേധാവി, ജില്ലയിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തുടങ്ങിയ എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും കണ്‍ട്രോള്‍ റൂം, ഹൈവേ പട്രോള്‍ വാഹനങ്ങളിലും ഇത്തരം കാമറകള്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ജില്ലാ പോലീസിന്റെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ നടത്തുന്ന വാഹനപരിശോധന ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍  കൂടുതല്‍ സുതാര്യമാകുന്നതിനും, ക്രമസമാധാന പ്രശ്‌നങ്ങള്‍, സമരങ്ങള്‍, പ്രക്ഷോഭങ്ങള്‍ തുടങ്ങിയവ കൃത്യമായി പകര്‍ത്തുന്നതിനും പ്രകടനങ്ങള്‍ക്കിടയിലും മറ്റും പോലീസ് വാഹനങ്ങളും, പോലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപെടുകയും പൊതുമുതലുകള്‍ നശിപ്പിക്കപെടുകയും ചെയ്യുന്നത് വ്യക്തമായി ചിത്രീകരിച്ച് തെളിവുകള്‍ ശേഖരിക്കുന്നതിനും അതുവഴി കുറ്റവാളികളെ കൃത്യമായി കണ്ടെത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. പോലീസിന്റെ വിവിധ പ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും ജനങ്ങള്‍ക്ക് അനുഗുണമാകും വിധമുള്ള സുതാര്യതയും സ്വീകാര്യതയും പുതിയ പദ്ധതിയുടെ നേട്ടങ്ങളാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്. ശിവദാസ്, ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. ജോസ് എന്നിവര്‍ പങ്കെടുത്തു.