അവശ്യ സര്‍വീസുകാരുടെ വോട്ടെടുപ്പ് പൂര്‍ത്തിയായി

post

1,090 പേരാണ് വിവിധ കേന്ദ്രങ്ങളിലായി വോട്ട് ചെയ്തത്

മലപ്പുറം: ജില്ലയില്‍ അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവരുടെ വോട്ടെടുപ്പ് അതത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. 1,090 പേരാണ് വിവിധ കേന്ദ്രങ്ങളിലായി വോട്ട് ചെയ്തത്. നിലമ്പൂര്‍ നിയോജകമണ്ഡലത്തിലാണ് ഏറ്റവുമധികം പേര്‍ അവശ്യ സര്‍വീസ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത് (152). വണ്ടൂരില്‍ 135 പേരും വോട്ട് രേഖപ്പെടുത്തി.

മാര്‍ച്ച് 28നാണ് അവശ്യസര്‍വീസിലുള്ളവര്‍ക്ക് വോട്ടെടുപ്പ് ആരംഭിച്ചത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളില്‍ പോയി വോട്ടുരേഖപ്പെടുത്താന്‍ കഴിയാത്തവരും മാര്‍ച്ച് 17നകം വരണാധികാരിയ്ക്ക് 12ഡി ഫോറത്തില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കിയിട്ടുള്ളവരുമായ ജീവനക്കാര്‍ക്കായിരുന്നു  പ്രത്യേകം വോട്ടിങ് സെന്ററുകള്‍ സജ്ജമാക്കിയിരുന്നത്. 1,198 പേര്‍ക്കാണ് 12ഡി ഫോറം വിതരണം ചെയ്തിരുന്നത്, ഇതില്‍ 108 പേര്‍ ഒഴികെയുള്ളവരാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്.