വിരല്‍ തുമ്പില്‍ ഇനി പോളിങ്ങ് ബൂത്ത് തിരക്കില്ലാതെ വോട്ടുചെയ്യാം

post

വയനാട്ടില്‍ നിന്നൊരു മാതൃക

വയനാട്: ജനാധിപത്യത്തിന് കരുത്ത് പകരാന്‍ ആധുനിക സാങ്കേതിക എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്താം. ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും പടിപടിയായുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ഡിജിറ്റലൈസ് ചെയ്തുവരുമ്പോള്‍ വയനാട്ടില്‍ നിന്നാണ് പുതിയൊരു മുന്നേറ്റം. പോളിങ്ങ് ബൂത്തില്‍ തിരക്കുണ്ടോ...ഇപ്പോള്‍ പോയാല്‍ വേഗം മടങ്ങാന്‍ പറ്റുമോ..സാധാരണ ഒരു വോട്ടറുടെ ഈ സംശയങ്ങള്‍ക്ക് ഒരു പരിഹാരം. ഇതാണ് വയനാട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍ രൂപം കൊടുത്ത പോള്‍ വയനാട് എന്ന അപ്ലിക്കേഷന്റെ പിറവിയിലേക്ക് നയിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള അപ്ലിക്കേഷന്‍ വോട്ടര്‍ക്ക് വഴികാട്ടിയാവുന്നത്. . ജില്ലയില്‍ വെബ്കാസ്റ്റിംഗ് സംവിധാനമുള്ള 412 ബൂത്തുകളിലാണ് പോള്‍ ആപ്പിന്റെ സൗകര്യം ലഭ്യമാകുക. വോട്ടിംഗ് ദിനം എത്ര ആളുകളാണ് ബൂത്തില്‍ ക്യു നില്‍ക്കുന്നത് എന്ന് ആപ്പിലൂടെ അറിയാം. ഇതനുസരിച്ച് തിരക്കില്ലാത്ത സമയം നോക്കി വോട്ടര്‍ക്ക് ബൂത്തിലെത്തി വോട്ടുചെയ്ത് മടങ്ങാം. അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് ആപ്പില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുക. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ്, ജില്ലാ ഭരണകുടം, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് അപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ഇ. പി അസ്ലം , അഭിരാം കെ.പ്രദീപ്, പി അഭിനവ് എന്നിവരാണ് പോള്‍ ആപ്പ് ഡിസൈന്‍ ചെയ്ത്. https://wayanad.gov.in എന്ന വെബ്സൈറ്റില്‍ ഏപ്രില്‍ 1 മുതല്‍ പോള്‍ വയനാട് ആപ്പ് ലിങ്ക് ലഭിക്കും. പോള്‍ വയനാട് ആപ്ലിക്കേഷന്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഇലക്ഷന്‍ ഒബ്സര്‍വര്‍മാരായ അഭിഷേക് ചന്ദ്ര, അരുണ്‍ സിംങ്ങ് എന്നിവര്‍ക്ക് നല്‍കിപ്രകാശനം ചെയ്തു. വയനാട് ജില്ലയില്‍ നിന്നുള്ള ഈ പരീക്ഷണത്തെ തെരഞ്ഞെടുപ്പ് നരീക്ഷകര്‍ പ്രശംസിച്ചു. പോള്‍ ആപിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി പ്രശംസാപത്രം നല്‍കുമെന്ന് പൊതുനിരീക്ഷകനായ അഭിഷേക് ചന്ദ്ര പറഞ്ഞു.