അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി

post

2021 പേര്‍ വോട്ട് രേഖപ്പെടുത്തി

ആലപ്പുഴ: ജില്ലയിലെ അവശ്യ സര്‍വീസ് വിഭാഗത്തിനായുള്ള പോസ്റ്റല്‍ വോട്ടിംഗ് പൂര്‍ത്തിയായി. 89 ശതമാനം പോളിംഗാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. അവശ്യ സര്‍വീസ് വിഭാഗത്തിലുണ്ടായിരുന്ന 2267 വോട്ടര്‍മാരില്‍ 2021 പേര്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. അരൂര്‍ മണ്ഡലത്തില്‍ 207 (90%), ചേര്‍ത്തലയില്‍ 503 (94%), ആലപ്പുഴയില്‍ 497 (88%), അമ്പലപ്പുഴയില്‍ 320 (89%), കുട്ടനാട്ടില്‍ 64 (79%), ഹരിപ്പാട് 123 (90%), കായംകുളത്ത് 124 (87%), മാവേലിക്കരയില്‍ 135 (89%), ചെങ്ങന്നൂരില്‍ 63 (82%) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ച് വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്.

വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതും 12ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതുമായ അവശ്യ സര്‍വ്വീസ് അസന്നിഹിത വോട്ടര്‍മാര്‍ക്കാണ് ഇത്തരത്തില്‍ അവസരം ഒരുക്കിയത്.

തിരഞ്ഞെടുപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിംഗ് നടപടികളും ജില്ലയില്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ വോട്ട് ആവശ്യമുള്ള തിരഞ്ഞെടുപ്പ് ചുമതലയുളള ഉദ്യോഗസ്ഥര്‍ ഏപ്രില്‍ നാലിനകം അതത് നിയോജക മണ്ഡലങ്ങളുടെ വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കണം.