കാഴ്ച പരിമിതര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ പ്രത്യേക സംവിധാനം

post

ബൂത്തുകളില്‍ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ലഭ്യമാക്കും

മലപ്പുറം: കാഴ്ച പരിമിതരായ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ ബൂത്തുകളില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നു. ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറുകള്‍ ലഭ്യമാക്കി വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലെത്തി ഇ.വി.എം മെഷീനില്‍ത്തന്നെ വോട്ട് അടയാളപ്പെടുത്താനുള്ള സൗകര്യമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം സജ്ജമാക്കുന്നതെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കാഴ്ച പരിമിതരായ വോട്ടര്‍മാര്‍ ആവശ്യപ്പെടുന്ന മുറക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ നല്‍കണം. ഇതില്‍ ബ്രെയ്‌ലി ലിപിയില്‍ സ്ഥാനാര്‍ഥിയുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ഇംഗ്ലീഷിലും മലയാളത്തിലും ഇ.വി.എം ബാലറ്റിലെ അതേ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഈ വിവരങ്ങള്‍ മനസിലാക്കി വോട്ടര്‍ക്ക് ഇ.വി.എം മെഷീനില്‍ വലതു വശത്ത് ബ്രെയ്‌ലി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ക്രമ നമ്പര്‍ പ്രകാരം ബട്ടന്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. 

വോട്ടെടുപ്പ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഡമ്മി ബാലറ്റ് ഷീറ്റുകള്‍ പ്രത്യേകം കവറില്‍ സീല്‍ ചെയ്ത് മറ്റ് നോണ്‍ സ്റ്റാറ്റിയൂട്ടറി ഫോറങ്ങള്‍ക്കൊപ്പം റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പോളിംഗ് ഓഫീസര്‍മാര്‍ക്ക് ഫോറം ബുക്കിലെ 247 -ാം പുറത്ത് നല്‍കിയിരിക്കുന്ന ഫോറത്തില്‍ ബ്രെയ്‌ലി ബാലറ്റ് ഷീറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയ വോട്ടര്‍മാരുടെ എണ്ണവും രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്നും പ്രത്യേക ഡമ്മി ബാലറ്റ് ഷീറ്റുകള്‍ പോളിംഗ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യുമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു അറിയിച്ചു.