വ്യാജ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കരുത്: വനിതാ കമ്മീഷന്‍

post

കാസര്‍ഗോഡ് : വ്യാജ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കരുതെന്ന് വനിതാ കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാലും ഇ.എം രാധയും  പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. യഥാര്‍ത്ഥ വസ്തുതകള്‍  മറച്ചുവച്ച്,കെട്ടിച്ചമച്ച പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. ബേഡകം സ്വദേശിനി പ്രദേശവാസികളായ  ഒരു കൂട്ടം പേര്‍ തന്നെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ചു. എന്നാല്‍ അവര്‍ തന്നെ സമര്‍പ്പിച്ച വീഡിയോ ദൃശ്യം അടക്കമുള്ള വസ്തുതകള്‍ പരിശോധിച്ചപ്പോഴാണ് മനസിലായത്, അവരുടെതെന്ന് അവകാശപ്പെടുന്ന പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കൊടി മാറ്റുകയെന്നതാണ് അവരുടെ യഥാര്‍ത്ഥ ആവശ്യമെന്ന്. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വ്യാജ പരാതിയുമായി വനിതാ കമ്മീഷനെ സമീപിക്കുന്നതിലേക്ക്  എത്തിച്ചത്. കൊടിമാറ്റുന്നത് അടക്കമുള്ള പരാതികള്‍ പോലീസിനാണ് കൈമാറേണ്ടത്.സ്ത്രീകളെ ബാധിക്കുന്ന ഗാര്‍ഹികവും സാമൂഹ്യവും സാമ്പത്തികവും തൊഴില്‍പരവുമായ പരാതികള്‍ക്ക് പ്രമുഖ്യം കൊടുത്ത് കൊണ്ടാണ് വനിതാ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.എല്ലാ  പ്രശ്‌നങ്ങളിലും വനിതാ കമ്മീഷന്‍ ഇടപെടണമെന്നമെന്ന പൊതുസമൂഹത്തിന്റെ സമീപനം ശരിയല്ലെന്ന് കമ്മീഷന്‍ പറഞ്ഞു.