കോവിഡ് പെരുമാറ്റച്ചട്ടം: ലഘുലേഖയുമായി ഓഫീസുകളില്‍ നേരിട്ടെത്തി ജില്ലാ കളക്ടര്‍

post

കാസര്‍കോട്: കോവിഡ് പെരുമാറ്റച്ചട്ടം സര്‍ക്കാര്‍ ഓഫീസുകളില്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ലഘുലേഖയുമായി ബോധവത്കരണത്തിന് സിവില്‍ സ്റ്റേഷനുകളിലെ ഓഫീസുകളില്‍ നേരിട്ടെത്തി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു. കോവിഡ് വ്യാപനം കൂടാനുള്ള സാധ്യത മുന്‍നിര്‍ത്തി ഓഫീസുകളില്‍ മാസ്‌ക് ഉപയോഗം കര്‍ശനമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ മുന്നറിയിപ്പില്ലാതെ ഓഫീസുകളിലെത്തിയത്. മാസ്‌ക് ഇടാതെയും പകുതി താഴ്ത്തിയും ഓഫീസുകളില്‍ ഇരുന്നവര്‍ക്ക് കളക്ടര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. പ്രതിരോധ കുത്തിവെപ്പ് എടുത്തെങ്കിലും കോവിഡിനോട് അലസ മനോഭാവം പാടില്ലെന്ന മുന്നറിയിപ്പായി സിവില്‍ സ്റ്റേഷനിലെ പടികള്‍ കയറിയിറങ്ങി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കളക്ടര്‍ നടത്തിയ സന്ദര്‍ശനം. കളക്ടറേറ്റില്‍ മുഴുവന്‍ സെക്ഷനുകളിലും വിവിധ വകുപ്പുകളുടെ പത്തോളം ഓഫീസുകളിലും കളക്ടര്‍ നേരിട്ടെത്തി.

ജില്ലാ മാസ്മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പി.പി. വിനീഷ് എന്നിവര്‍ കളക്ടറെ അനുഗമിച്ചു.

ജീവനക്കാര്‍ക്കായി നല്‍കിയ പ്രധാന നിര്‍ദേശങ്ങള്‍:

* ഓഫീസിലെ മുഴുവന്‍ ജീവനക്കാരും മൂക്കും വായും മറയത്തക്ക വിധം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക.

* ജീവനക്കാര്‍ തമ്മിലും ഓഫീസില്‍ വരുന്ന പൊതുജനങ്ങള്‍ തമ്മിലും ചുരുങ്ങിയത് രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുക.

* ജീവനക്കാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ജന്മദിനാഘോഷം, യാത്രയയപ്പ് ചടങ്ങ്, അവാര്‍ഡ് ദാന ചടങ്ങ് എന്നിവയും ഒഴിവാക്കുക.

* ഔദ്യോഗിക യോഗങ്ങള്‍, മറ്റ് പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ളവരുടെ എണ്ണം പരിമിതപ്പെടുത്തുക, ശാരീരിക അകലം ഉറപ്പാക്കുക.

* ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കോവിഡ്-19 നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കുക.

* ജീവനക്കാര്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉറപ്പാക്കാന്‍ എല്ലാ ഓഫീസിലും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തുക