കോവിഡ് പ്രതിരോധ മാതൃകയായി സകുടുംബം ജില്ലാ കലക്ടറും

post



കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകാനുള്ള സന്ദേശം നല്‍കി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറും കുടുംബവും സ്രവ പരിശോധന നടത്തി.

മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ടീമാണ് കലക്ടറുടെയും ഭാര്യ എം.കെ റുക്സാനയുടെയും ജില്ലാ കലക്ടറുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും സ്രവ പരിശോധന നടത്തിയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒട്ടേറെ ആളുകളുമായി സമ്പര്‍ക്കത്തിലായിട്ടുള്ളതിനാലാണ് കോവിഡ് പരിശോധന നടത്തുന്നതെന്ന് കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രവര്‍ത്തകരും അടിയന്തരമായി പരിശോധനയ്ക്ക് വിധേയരാകണം. സ്രവ പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണങ്ങള്‍ ജില്ലയിലാകമാനം  ഒരുക്കിയിട്ടുണ്ട്. കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും - കലക്ടര്‍ വ്യക്തമാക്കി. ജയലക്ഷ്മി, സനല്‍ എന്നിവരാണ് പരിശോധന നടത്തിയത്.