കൊവിഡ് വ്യാപനം; തദ്ദേശ സ്ഥാപനങ്ങള്‍ നടപടികള്‍ ശക്തമാക്കണം- ജില്ലാ കലകടര്‍

post

തുടക്കകാലത്തെ ജാഗ്രത തിരിച്ചുപിടിക്കാന്‍ നിര്‍ദ്ദേശം

കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, സെകട്ടറി എന്നിവര്‍ ഉള്‍പ്പെടുന്ന ജാഗ്രത സമിതിയുടെ യോഗം നടത്തി കാര്യങ്ങള്‍ വിലയിരുത്തണം. അതോടൊപ്പം വാര്‍ഡ്തല ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയും വേണം.

ബാക് ടു ബേസിക് കാംപയിന്‍

ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ അനുവര്‍ത്തിച്ചത് പോലുള്ള ജാഗ്രത പാലിക്കാന്‍ ജനങ്ങളെ ഉല്‍ബോധിപ്പിക്കുന്ന 'ബാക്ക് ടു ബേസിക്' ക്യാമ്പയിന്‍ ശക്തമാക്കണം. കൊവിഡ് ബാധിതരുള്ള വീടുകള്‍ മുന്‍കാലങ്ങളിലെ പോലെ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനും അവരുമായി അടുത്ത് ഇടപഴകിയവരെ കൊവിഡ് പരിശോധന നടത്തുന്നതിനുമുള്ള നടപടി സ്വീകരിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോം ഐസൊലേഷന്‍ സൗകര്യം ഇല്ലാത്തവരെ താമസിപ്പിക്കുന്നതിന് ഒന്നോ രണ്ടോ വീടുകളോ സ്ഥാപനങ്ങളോ കണ്ടെത്തി സൗകര്യങ്ങള്‍ ഒരുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലയുടെ പ്രതിദിന പരിശോധനാ ലക്ഷ്യം 9000 ആയതിനാല്‍ ആഴ്ചയില്‍ ഓരോ പഞ്ചായത്തിലും 700, മുന്‍സിപ്പാലിറ്റികളില്‍ 1000, കോര്‍പ്പറേഷനില്‍ 1200 എന്ന തോതില്‍ ടെസ്റ്റ് നടത്താന്‍ സംവിധാനം ഒരുക്കണം. പരിശോധന നിര്‍ദ്ദേശിക്കപ്പെട്ട ആളുകള്‍ ടെസ്റ്റ് നടത്തിയെന്ന കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം.

വാക്സിനേഷന്‍ കാംപയിന്‍ ശക്തിപ്പെടുത്തണം

കുടുംബശ്രീ പ്രവര്‍ത്തകരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്‍പ്പെടുത്തുന്നതിന് നടപടി എടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് വാക്സിനേഷന്‍ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനായി ആവശ്യമായ നടപടികള്‍ എടുക്കണം. മെയ് 10നുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചര്‍ച്ച നടത്തി ഒരുക്കങ്ങള്‍ നടത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, നഗരസഭ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.