തദ്ദേശ സ്വയംഭരണ സ്ഥാപന പദ്ധതി നിര്‍വ്വഹണം : സംസ്ഥാന തലത്തില്‍ തകഴി പഞ്ചായത്ത് ഒന്നാമത്

post

*മികച്ച നേട്ടവുമായി ജില്ല 

ആലപ്പുഴ : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  2020- 21 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന തലത്തില്‍ മികച്ച നേട്ടവുമായി തകഴി ഗ്രാമ പഞ്ചായത്ത്. 154.90% പദ്ധതി തുക ചെലവഴിച്ചാണ് തകഴി ഗ്രാമ പഞ്ചായത്ത് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ബ്ലോക്ക് തലത്തില്‍  വെളിയനാട് ബ്ലോക്കും  (110.43%), നഗരസഭകളില്‍ ഹരിപ്പാട് നഗരസഭയും  (98.14%) ആണ്  ജില്ലയില്‍

പദ്ധതി ചെലവില്‍ മുന്നില്‍ നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. തിരുവന്‍വണ്ടൂര്‍ ചമ്പക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകള്‍  ജില്ലയില്‍ തകഴിക്ക് പിന്നിലായി രണ്ട് മൂന്ന് സ്ഥാനങ്ങളിലുണ്ട്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് 85.23% തുകയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ചെലവഴിച്ചത്.

2019-20 സാമ്പത്തിക വര്‍ഷത്തെ 53.13 ശതമാനത്തില്‍ നിന്നുമാണ് ജില്ലയുടെ പദ്ധതി ചെലവ് പുരോഗതി ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ജില്ലകളുടെ കണക്കെടുത്താല്‍ ലഭ്യമായ പ്ലാന്‍ ഫണ്ട് സാധാരണ വിഹിതത്തിന്റെ  119.69% വും ചെലവഴിച്ച് ജില്ല സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ സ്പില്‍ ഓവര്‍ പദ്ധതികളുടെ ക്യാരി ഓവര്‍ തുകയും കൂടി ചേര്‍ത്ത് നോക്കിയാല്‍  94.67%  ചെലവഴിച്ച് സംസ്ഥാന തലത്തില്‍  മൂന്നാം സ്ഥാനത്താണ് ജില്ല.

പട്ടിക ജാതി വിഭാഗത്തിനുള്ള പ്രത്യേക ഘടക പദ്ധതിവിഹിതത്തിന്റെ 84.80 ശതമാനവും,പട്ടികവര്‍ഗ്ഗകാര്‍ക്കുള്ള ഉപപദ്ധതിയുടെ  74.37 ശതമാനവും ,   കേ ന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ - 68.90 ശതമാനവും ചെലവഴിച്ചിട്ടുണ്ട്. പദ്ധതി ചിലവ് നോക്കിയാല്‍  ബ്ലോക്ക് പഞ്ചായത്തുകളില്‍ ആര്യാട്, മാവേലിക്കര എന്നീ ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലാതലത്തില്‍ രണ്ടും മൂന്നും  സ്ഥാനങ്ങളിലുള്ളത്. നഗരസഭകളില്‍ ചേര്‍ത്തല, ചെങ്ങന്നൂര്‍ എന്നിവയാണ് ജില്ലാതലത്തില്‍ യഥാക്രമം രണ്ടും മൂന്നും  സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ഹരിപ്പാട് നഗരസഭ, ആര്യാട്, ഹരിപ്പാട്, കഞ്ഞിക്കുഴി, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളും  തണ്ണീര്‍മുക്കം, തൈക്കാട്ടുശ്ശേരി, കൃഷ്ണപുരം, കണ്ടലൂര്‍, പത്തിയൂര്‍, പാണാവള്ളി, പള്ളിപ്പാട്, ചിങ്ങോലി, അരൂര്‍, കുത്തിയതോട്, വയലാര്‍ എന്നീ  ഗ്രാമ പഞ്ചായത്തുകളും  പട്ടിക വര്‍ഗ്ഗ വിഭാഗ പദ്ധതിക്കായ് ലഭ്യമായ മുഴുവന്‍  തുകയും  പൂര്‍ണ്ണമായും ചെലവഴിച്ചിട്ടുണ്ട് . 

 ജില്ലയിലെ 44 ഗ്രാമ പഞ്ചായത്തുകളും 5 ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍പ്പെടെ 49 തദ്ദേശ സ്ഥാപനങ്ങളും പദ്ദതി വിഹിതം 100 ശതമാനത്തിന് മുകളില്‍  ചെലവഴിച്ചിട്ടുണ്ട് എന്നതും ശ്രദ്ദേയമാണ്.  കോവിഡ് - 19  മഹാമാരിക്കിടയിലും  പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളില്‍  കാര്യക്ഷമമായ ഇടപെലുകള്‍ നടത്തിയാണ് ജില്ലക്ക് ആകെ അഭിമാനകരമായ നേട്ടം കൈവരിച്ചത്  എന്നത് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു .