നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കുക; കളക്ടര്‍

post

കാസര്‍കോട്: 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളിലെ ഭക്ഷണ പാനീയ വിതരണം പ്രകൃതിക്കും മനുഷ്യനും ദോഷം ഉണ്ടാക്കാത്ത രീതിയില്‍ കഴുകി ഉപയോഗിക്കുവാന്‍ കഴിയുന്ന ഗ്ലാസുകളിലും പാത്രങ്ങളിലും സജ്ജീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. സി. സജിത് ബാബു അഭ്യര്‍ഥിച്ചു. ഭക്ഷണ മാലിന്യം വേര്‍തിരിച്ച് ശേഖരിച്ച് അതതിടങ്ങളില്‍ തന്നെ വളക്കുഴി നിര്‍മ്മിച്ച് നിക്ഷേപിച്ച് വളമാക്കി മാറ്റുക. നോമ്പുതുറ, ഇഫ്താര്‍ വിരുന്ന് എന്നിവ സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കാനും പ്രചരണ പരിപാടികള്‍ക്ക് ഫ്ളക്സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകള്‍ ശീലമാക്കാനും എല്ലാ വിശ്വാസികളോടും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇതിലൂടെ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുക.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാത്തരം ഡിസ്പോസിബിള്‍ ഉല്‍പ്പന്നങ്ങളും ഒഴിവാക്കി, കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കുവാന്‍ കഴിയുന്ന സ്റ്റീല്‍ പാത്രങ്ങളില്‍ ആഹാര പാനീയ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാനും അഭ്യര്‍ഥിച്ചു. ഒറ്റത്തവണ പോലും അണുവിമുക്തമാക്കാതെ, നിരവധി ആളുകളാല്‍ കൈമാറി വരുന്ന ഡിസ്പോസിബിള്‍ ഉത്പന്നങ്ങള്‍ കൊറോണ വൈറസ് പ്രതിരോധത്തിന് ഗുണകരമല്ല. സോപ്പിട്ട് കഴുകി അണുവിമുക്തമാക്കിയ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറെ സുരക്ഷിതം. ഹരിതചട്ടം പാലിക്കുന്നതിന് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ക്ക് കാസറഗോഡ് ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നം. (ഓഫീസ് - 04994 - 255350)