കണ്ണൂരില്‍ ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കും

post

കണ്ണൂര്‍ അസംബ്ലി മണ്ഡലത്തിലെ പദ്ധതികള്‍ അവലോകനം ചെയ്തു

കണ്ണൂര്‍ : പ്രാദേശിക ചരിത്രസാംസ്‌കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കണ്ണൂരില്‍ ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. കണ്ണൂര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സെന്റ് ജോണ്‍സ് ഇംഗ്ലീഷ് പള്ളി വിട്ടുനല്‍കുന്ന സ്ഥലത്താണ് പൈതൃക മ്യൂസിയം പണിയുക. ഇതുമായി ബന്ധപ്പെട്ട് പള്ളി അധികൃതരുമായി ധാരണാപത്രത്തില്‍ ഒരാഴ്ചയ്ക്കകം ഒപ്പുവയ്ക്കും. പൈതൃക മ്യൂസിയത്തോടനുബന്ധിച്ച് പുരാരേഖാ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ഹെറിറ്റേജ് സെന്ററും നിര്‍മിക്കും.

ചരിത്രപ്രാധാന്യമുള്ള പള്ളി സെമിത്തേരി സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് ഏറ്റെടുക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ ഇംഗ്ലീഷ് പള്ളി സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് 56 ലക്ഷം രൂപയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഏപ്രില്‍ അവസാനത്തോടെ ഇതിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. പള്ളിയില്‍ സൂക്ഷിച്ചിട്ടുള്ള നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ബൈബിള്‍ ഉള്‍പ്പെടെയുള്ള ചരിത്രപ്രധാന രേഖകള്‍ കേടുവരാത്ത രീതിയില്‍ സംരക്ഷിക്കുന്നതിനും അവയെ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികള്‍ വേഗത്തിലാക്കും.

സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട ഹാന്‍വീവ് കെട്ടിടത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 65 ലക്ഷം രൂപ ചെലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. ഇവിടെ രണ്ടു കോടി രൂപയുടെ കൈത്തറി മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള വിശദ പദ്ധതി രേഖ തയ്യാറായിക്കഴിഞ്ഞു. കെട്ടിടത്തിന്റെ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാവും. സംരക്ഷിത സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ട പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളില്‍ ഫെബ്രുവരിയില്‍ സംരക്ഷണ പ്രവൃത്തികള്‍ ആരംഭിക്കും. 47 ലക്ഷം രൂപ ചെലവില്‍ നടക്കുന്ന പ്രവൃത്തികള്‍ മെയ് മാസത്തോടെ പൂര്‍ത്തിയാക്കും. പുരാരേഖാ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കേന്ദ്രത്തില്‍ ഓഫീസിന് സ്ഥലം കണ്ടെത്താനും യോഗം തീരുമാനിച്ചു.

അഴീക്കല്‍ ഉള്‍പ്പെടെ ജില്ലയിലെ തുറമുഖങ്ങളിലുള്ള കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാനും യോഗത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. ഇതിനു മുന്നോടിയായി പോര്‍ട്ട് പ്രദേശങ്ങളില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കണ്ണൂരില്‍ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴില്‍ മാരിടൈം കോഴ്‌സുകള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു. മാപ്പിള ബേയില്‍ മള്‍ട്ടി പര്‍പസ് പാസഞ്ചര്‍ ടെര്‍മിനലും ആയിക്കരയില്‍ പോര്‍ട്ട് മ്യൂസിയവും സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.