ഏപ്രില്‍ 16, 17 തീയതികളില്‍ കേരളത്തില്‍ രണ്ടര ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും

post

തിരുവനന്തപുരം: ഏപ്രില്‍ 16, 17 തീയതികളില്‍ കേരളത്തില്‍ രണ്ടര ലക്ഷം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍നിര തൊഴിലാളികള്‍, പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവര്‍, ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍, ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലുള്ളവരില്‍ പരിശോധന നടത്തും. ഇതോടൊപ്പം വാക്സിനേഷനുകളുടെ എണ്ണവും വര്‍ധിപ്പിക്കും. കേരളത്തില്‍ 50 ലക്ഷം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. നിലവില്‍ 7,27,300 ഡോസ് വാക്സിനുകള്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ ഡോസുകള്‍ കേരളത്തിലെത്തിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്രത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

ജനപങ്കാളിത്തത്തോടെ കോവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികളില്‍ 75 പേരെയും തുറസായ സ്ഥലത്തെ പരിപാടികളില്‍ 150 പേരെയും പങ്കെടുപ്പിക്കാം. ട്യൂഷന്‍ ക്ളാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു നടത്തണം. ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കണം. ഇത് കച്ചവട സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സഹായിക്കും. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ നടക്കുന്ന പരിപാടികളെ സംബന്ധിച്ച് അധികൃതരെ അറിയിക്കണം. ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.